ലഖ്നൊ: ഉത്തർപ്രദേശിലെ മെയിൻപൂരി സ്വദേശിയായ റീത്ത അഷ്ടമി നവരാത്രി ആഘോഷത്തിനിടെ എ.ടി.എം കൗണ്ടറിലെത്തി ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ ഞെട്ടി. സാധാരണ കർഷക കുടുംബത്തിൽ നിന്നുള്ള റീത്തയുടെ ബാലൻസ് 9,99,49,588. അതായത് 10 കോടി രൂപ. കണ്ണുതള്ളിയ റീത്ത ഇക്കാര്യം ഉറപ്പിക്കാനായി മറ്റൊരു എടിഎമ്മിലും എത്തി പരിശോധിച്ചു. അപ്പോഴും അക്കൗണ്ടിൽ അത്രയും പണം. ഇതോടെ പണം തന്‍റെതല്ലെന്നും വലിയ തുക അക്കൗണ്ടിൽ നിന്ന് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് റീത്ത. എ.ടി.എം കൗണ്ടറിൽ നിന്ന് ബാലൻസ് ചെക്ക് ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവമറിഞ്ഞതോടെ ഞെട്ടിരിക്കുകയാണ് ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയും കുടുംബവും. പണം എങ്ങിനെ എത്തി എന്നറിയാതെ പിൻവലിക്കേണ്ടെന്ന് റീത്ത നിലപാടെടുക്കുകയായിരുന്നു. ഇതോടെ അക്കൗണ്ടിലുള്ള പണം തിരിച്ചെടുക്കണമെന്ന് ആലവശ്യപ്പെട്ട് റീത്തയും കുടുംബവും ബാങ്കിൽ എത്തിയെങ്കിലും ശാഖ അടച്ചിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ കാരണമാവും ഇതെന്ന് ബാങ്ക് ഓഫ് ഇന്ത്യ കരിംഗഞ്ച് ബ്രാഞ്ച് അധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നിനച്ചിരിക്കാതെ തന്‍റെ അക്കൗണ്ടിൽ വന്നെത്തിയ പണം എടുത്ത് ഉപയോഗിക്കില്ലെന്ന നിലപാടെടുത്ത റീത്തയെ മുക്തകണ്ഡം പ്രശംസിക്കുകയാണ് നാട്ടുകാരും സമൂഹമാധ്യമങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.