ജമ്മുവിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് ഭൂമി സമ്മാനമായി നൽകിയതിനെച്ചൊല്ലി വിവാദം

ശ്രീനഗർ: ജമ്മുവിലെ കത്വ ജില്ലയിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് സൗജന്യമായി ഭൂമി അനുവദിച്ചതിനെതിരെ ശനിയാഴ്ച ജമ്മു കശ്മീർ നിയമസഭയിൽ പ്രതിഷേധം. അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മുതിർന്ന നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഈ വിഷയം ഉന്നയിച്ചത്. ഇന്ത്യക്കാരനല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് പണം നൽകാതെ ഭൂമി സമ്മാനമായി നൽകിയതെന്ന് കോൺഗ്രസ് നിയമസഭാംഗം ഗുലാം അഹമ്മദ് മിറും ചോദിച്ചു.

മുൻ ക്രിക്കറ്റ് താരത്തിന്റെ പേര് രണ്ട് നിയമസഭാംഗങ്ങളും വെളിപ്പെടുത്തിയില്ല. അതേസമയം, ഗ്രാമവികസന മന്ത്രി ജാവിദ് അഹമ്മദ് ദാർ ഈ വിഷയത്തെക്കുറിച്ച് അജ്ഞത നടിച്ചു. ജമ്മു കശ്മീർ സ്വദേശികളുടെ ഭൂമി തട്ടിയെടുത്ത് പുറത്തുനിന്നുള്ളവർക്ക് നൽകിയത് വിരോധാഭാസമാണെന്ന് എ.എ.പി എം​.എൽ.എ മെഹ്‌രാജ് മാലിക് പറഞ്ഞു. ‘ഇന്ന് നമുക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറുണ്ട്. പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് ഇവിടെ ഭൂമി നൽകിയ ആളുകളെ തുറന്നുകാട്ടേണ്ട സമയമാണിത്’ -അദ്ദേഹം പറഞ്ഞു.

പുറത്തുനിന്നുള്ളവർ കേന്ദ്രഭരണ പ്രദേശത്ത് നിക്ഷേപമിറക്കുന്നത് കശ്മീരിലെ രാഷ്ട്രീയക്കാർ എപ്പോഴും ശക്തമായി എതിർത്തിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് ഭൂമി വിൽക്കുന്നതിനെയും അവർ എതിർക്കുന്നു. 2019ൽ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം മേഖലയിലെ ആദ്യത്തെ നേരിട്ടുള്ള വിദേശ  നിക്ഷേപത്തിനുള്ള ചടങ്ങ് 2023ൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നടത്തുകയുണ്ടായി. ബുർജ് ഖലീഫയുടെ നിർമാതാക്കളായ ദുബൈ ആസ്ഥാനമായുള്ള ‘എമാർ’ ഗ്രൂപ്പ് നടത്തിയ 250 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി.

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരന് കത്വയിൽ ഒരു ‘നഷ്ടവും’ കൂടാതെ ഭൂമി നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് ശനിയാഴ്ച തരിഗാമി പറഞ്ഞു. ‘ഇത് ശരിയാണെങ്കിൽ സർക്കാർ അത് വ്യക്തമാക്കണം. സഭയെ വിശ്വാസത്തിലെടുത്ത് വിഷയം ചർച്ച ചെയ്യണം’ -അദ്ദേഹം നിയമസഭക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ത്യക്കാരനല്ലാത്ത’ ഒരാൾക്ക് ഭൂമി അനുവദിച്ചത് ‘ഗുരുതരമായ ആശങ്ക’യാണെന്ന് കോൺഗ്രസ് നേതാവ് മിർ പറഞ്ഞു. അതും നഷ്ടപരിഹാരം കൂടാതെ. ഇതിൽ ഒരു ചർച്ച നടത്തണം -അദ്ദേഹം പറഞ്ഞു.

കളിക്കാരന്റെ വ്യക്തിത്വത്തെക്കുറിച്ച് നിയമസഭാംഗങ്ങൾ മൗനം പാലിച്ചെങ്കിലും, മുൻ ശ്രീലങ്കൻ ക്രിക്കറ്റർക്ക് 1,600 കോടി രൂപ മുതൽ മുടക്കിൽ അലുമിനിയം കാൻ നിർമാണ, പാനീയ ഫില്ലിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിനായി കത്വയിൽ 10.4 ഹെക്ടർ സ്ഥലം അനുവദിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Tags:    
News Summary - Row over land gift to former Sri Lankan cricketer in Kathua district of Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.