ബംഗളൂരു: ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ നമസ്കാരം അനുവദിച്ചതിനെ ചൊല്ലി വിവാദം. ആർ.എസ്.എസിനോട് കാണിക്കുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാടിനെ ചോദ്യം ചെയ്ത ബി.ജെ.പി വിമാനത്താവളത്തിൽ ഒരു കൂട്ടം ആളുകൾ നമസ്കാരം നടത്തിയത് ഗുരുതര സുരക്ഷ പ്രശ്നമാണെന്ന് ആരോപിച്ചു.
ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്ന സിദ്ധരാമയ്യ ഇത്തരം പ്രവർത്തനങ്ങളോട് കണ്ണടക്കുന്നത് കർണാടക സർക്കാറിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
കനത്ത സുരക്ഷയുടെ വിമാനത്താവളത്തിൽ എങ്ങനെയാണ് ആളുകൾ നമസ്കാരം നടത്തിയതെന്ന് ബി.ജെ.പി വക്താവ് വിജയ് പ്രസാദ് എക്സ് ഹാൻഡിലിൽ ചോദ്യം ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2വിൽ ഇതെങ്ങനെ സംഭവിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രി പ്രിയങ്ക് ഖാർഗെയുടെയും അനുമതിയോടെയാണോ ഇത് നടന്നത്-ബി.ജെ.പി വക്താവ് ചോദിച്ചു.
ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ വിലക്കാൻ പരസ്യമായി രംഗത്തിറങ്ങിയ സിദ്ധരാമയ്യയുടെ കോൺഗ്രസ് ഇത്തരം സംഭവങ്ങളോട് കണ്ണടക്കുകയാണെന്നും വിജയ് പ്രസാദ് വിമർശിച്ചു.
കനത്ത സുരക്ഷയുള്ള വിമാനത്താവളത്തിൽ നമസ്കാരം നടത്താൻ അവർ അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരുന്നോ? ആർ.എസ്.എസിന്റെ പദസഞ്ചലനം നിരോധിച്ച കർണാടക സർക്കാർ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളോട് കണ്ണടക്കുന്നത്. വിമാനത്താവളത്തിന്റെ പ്രോട്ടോക്കോളിന് വിരുദ്ധമായ കാര്യമാണിതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് യുവാക്കൾ നമസ്കരിക്കുന്നതിന്റെ ചിത്രങ്ങളും വിജയ് പ്രസാദ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇവർ നമസ്കരിക്കുമ്പോൾ ഏതാനും സുരക്ഷ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നു.
പ്രിയങ്ക് ഖാർഗെ ആർ.എസ്.എസിന്റെ രഹസ്യ സ്വഭാവത്തെയും സംഘടന എന്ന നിലയിൽ രജിസ്റ്റർ ചെയ്യാത്തതിനെയും ചോദ്യം ചെയ്തിരുന്നു.
സർക്കാറിൽ നിന്ന് അനുമതി വാങ്ങി പ്രവർത്തിക്കാനും ഒരു സംഘടനയായി രജിസ്റ്റർ ചെയ്യാനും ആർ.എസ്.എസ് ശ്രമിക്കുന്നിടത്തോളം കാലം തനിക്ക് അവരുമായി ഒരു പ്രശ്നവുമില്ലെന്നും പ്രിയങ്ക് വ്യക്തമാക്കുകയുണ്ടായി.
എന്തുകൊണ്ടാണ് അവർ ഇന്ത്യൻ നിയമങ്ങളെയും ഭരണഘടനയെയും ഇത്രയധികം ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് അവർ ഇത്ര രഹസ്യമായി പ്രവർത്തിക്കുന്നത്? രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനക്ക് രാജ്യത്തുടനീളം വലിയ തോതിലുള്ള മാർച്ചുകൾ എങ്ങനെ നടത്താൻ കഴിയും.-പ്രിയങ്ക് ചോദിക്കുകയുണ്ടായി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് നൽകിയിട്ടുള്ള സുരക്ഷാ പരിരക്ഷയെയും അദ്ദേഹം വിമർശിച്ചു. അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈസൺ (എ.എസ്.എൽ) ലെവൽ പൊതുവെ പ്രധാനമന്ത്രിക്കും തിരഞ്ഞെടുത്ത കേന്ദ്ര മന്ത്രിമാർക്കും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.