റോഹിങ്ക്യകൾ അഭയാർഥികളല്ല, അനധികൃത കുടിയേറ്റക്കാർ: രാജ്നാഥ്

ന്യൂഡൽഹി: റോഹിങ്ക്യകൾ അഭയാർഥികളല്ല, അനധികൃത കുടിയേറ്റക്കാർ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. റോഹിങ്ക്യകളെ സ്വീകരിക്കുന്നതിൽ മ്യാൻമർ വിമുഖത പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് അവരെ നാടുകടത്തുന്നതിനെ ചിലർ എതിർക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്നാഥ് സിങ് ചോദിച്ചു.

റോഹിങ്ക്യകൾ അഭയാർഥികളല്ല, അവർക്ക് ഇവിടെ അഭയം നൽകിയിട്ടില്ല. അവരിപ്പോൾ അനധികൃത കുടിയേറ്റക്കാർ മാത്രമാണ്. അഭയാർഥികളുടെ പദവി റോഹിങ്ക്യകൾക്ക് നൽകിയിട്ടില്ല. അതിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട്. 1951ലെ ഐക്യരാഷ്ട്രസഭ റഫ്യൂജി കൺവെൻഷനെ പ്രതിനിധീകരിച്ചിട്ടില്ലെങ്കിൽ പോലും റോഹിങ്ക്യകളെ നാടുകടത്തുന്നത് വഴി ഇന്ത്യ ഒരു അന്താരാഷ്ട്ര നിയമവും ലംഘിക്കുന്നില്ല.- രാജ്നാഥ് വ്യക്തമാക്കി.

ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണി ഉയർത്തും എന്നതിനാലാണ്  റോഹിങ്ക്യകളെ നാടുകടത്തുന്നതെന്ന് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

റോഹിങ്ക്യകൾ ഇന്ത്യയിൽ തുടരുന്നത് ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. തിരിച്ചയക്കുന്നത് തടയണമെന്ന ആവശ്യം നീതിക്ക് നിരക്കുന്നതല്ല. ഇന്ത്യൻ പൗരന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത് മൗലിക അവകാശങ്ങളെ ഹനിക്കുന്നതിന് തുല്യമാണ്.  നാടുകടത്തൽ സംബന്ധിച്ച് നിയമം നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിശാല താൽപര്യം മാനിച്ച് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അവകാശം സർക്കാറിന് വിട്ടു നൽകണമെന്നും സത്യവാങ് മൂലത്തിൽ പറയുന്നുണ്ട്.

റോഹിങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി ഫാലി എസ്. നരിമാനും കപിൽ സിബലുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.

Tags:    
News Summary - Rohingyas are Illegal Immigrants Not Refugees, Says Rajnath Singh-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.