പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചാൽ റോഹിംഗ്യൻ കുട്ടികൾക്ക് ഹൈക്കോടതിയെ സമീപിക്കാം -സുപ്രീം കോടതി

ന്യൂഡൽഹി: റോഹിംഗ്യൻ കുട്ടികൾക്ക് പ്രവേശനത്തിനായി സർക്കാർ സ്കൂളുകളെ സമീപിക്കാമെന്നും അനുമതി നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി.

യു.എൻ.എച്ച്‌.സി.ആര്‍ (യുണൈറ്റഡ് നാഷന്‍സ് ഹൈക്കമീണര്‍ ഫോര്‍ റെഫ്യൂജീസ്) കാര്‍ഡുള്ള റോഹിംഗ്യൻ കുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

500 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നതിന് വഴിയൊരുക്കുന്ന ഉത്തരവിൽ കോടതി നിര്‍ദേശം രേഖപ്പെടുത്തിയേക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പറഞ്ഞു.

ആധാര്‍ കാര്‍ഡുകളുടെ അഭാവം മൂലം റോഹിംഗ്യൻ അഭയാര്‍ഥികള്‍ക്ക് പൊതു വിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഡൽഹിയിലെ ഷഹീൻ ബാഗ്, കാളിന്ദി കുഞ്ച്, ഖജൂരി ഖാസ് പ്രദേശങ്ങളിലാണ് റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ആരോഗ്യ സേവനങ്ങള്‍, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും റോഹിംഗ്യൻ കുടുംബങ്ങള്‍ക്ക് അവരുടെ പൗരത്വം പരിഗണിക്കാതെ തന്നെ മറ്റ് പൗരന്‍മാര്‍ക്ക് ലഭ്യമാകുന്നതുപോലെ നല്‍കണമെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹരജിയിൽ ആവശ്യപ്പെട്ടത്.

Tags:    
News Summary - Rohingya Children Can Move High Court If Denied Admission To Public Schools: Top Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.