ന്യൂഡൽഹി: ഷിക്കോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രക്ക് ജാമ്യം. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് വദ്രക്ക് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
പ്രത്യേക ജഡ്ജി സുശാന്ത് ചങ്കോത്രാണ് കേസ് പരിഗണിച്ചത്. ബോണ്ടിൻമേലാണ് ജാമ്യം. മറ്റ് അധിക വ്യവസ്ഥകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ഹരിയാനയിലെ ഷിക്കോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി റോബർട്ട് വദ്രക്കും മറ്റ് എട്ടുപേർക്കും സമൻസ് അയച്ച് മേയ് 16ന് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് വദ്ര ശനിയാഴ്ച കോടതിയിൽ ഹാജരായത്.
തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം ഇ.ഡി ആവശ്യപ്പെട്ടു. ഇ.ഡി കേസിന്റെ ചില വശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ സമയം ആവശ്യമാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ജൂലൈ 10ന് കൂടുതൽ വാദം കേൾക്കുന്നതിനായി വീണ്ടും പരിഗണിക്കും.
ഗുരുഗ്രാമിലെ ഷിക്കോപൂരിലെ 3.5 ഏക്കർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബറിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2008 ഫെബ്രുവരിയിൽ റോബര്‍ട്ട് വദ്ര ഡയറക്ടര്‍ ആയിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപക്ക് ഭൂമി വാങ്ങിയതായും പിന്നീട് അത് ഡി.എൽ.എഫിന് 58 കോടി രൂപക്ക് വിറ്റതായും ഇ.ഡി പറയുന്നു. ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു അധികാരത്തിൽ. ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് ഖേംകയാണ് ഇടപാടിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടന്ന് ആരോപിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇ.ഡി പ്രോസിക്യൂഷൻ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് 2025 ഏപ്രിലിൽ റോബർട്ട് വാദ്രയെ ഇ.ഡി തുടർച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.