മുറാദാബാദ്: വരുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവുമായി സഖ്യത്തിന് തയാറാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്ഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. വൈകുന്നതിന് മുമ്പ് ചർച്ചകൾ ആരംഭിക്കാനുള്ള സമയമിതാണെന്ന് ഉവൈസി ഓർമിപ്പിച്ചു.
മുറാദാബാദിൽ നടന്ന പൊതുപരിപാടിയിലാണ് ഉവൈസി സഖ്യസാധ്യത മുന്നോട്ടുവെച്ചത്. ‘യു.പിയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരണമെന്ന് മജ്‌ലിസ് ആഗ്രഹിക്കുന്നില്ല. കൈകോർക്കാനും സഖ്യമുണ്ടാക്കാനും ഞാൻ തയാറാണ്. സംസാരിക്കാനുള്ള സമയം ഇന്നാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കരഞ്ഞിട്ട് കാര്യമില്ല’ -ഉവൈസി പറഞ്ഞു.
വോട്ട് ഭിന്നിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാകുന്നതിന് പകരം ഒന്നിച്ചുപോരാടാമെന്ന് അദ്ദേഹം അഖിലേഷിനോട് ആവശ്യപ്പെട്ടു. ഉവൈസി മത്സരിക്കുന്നത് വോട്ട് ബാങ്കിനെ ബാധിക്കുമെന്ന വിമർശനങ്ങൾക്ക്, ‘എന്നാൽ വരൂ, നമുക്ക് ഒന്നിച്ചുപോരാടാം’ എന്ന് അദ്ദേഹം മറുപടി നൽകി.
മജ്‌ലിസിന്റെ പോരാട്ടം ഒരിക്കലും ഏതെങ്കിലും മതത്തിനെതിരല്ലെന്ന് വ്യക്തമാക്കിയ ഉവൈസി, ആത്മാഭിമാനത്തിനും നീതിക്കും വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും കൂട്ടിച്ചേർത്തു. ‘ഞങ്ങൾക്ക് പായയിൽ ഇരിക്കേണ്ടതില്ല, സമത്വമാണ് ആവശ്യം. അഖിലേഷ് ആ കസേരക്ക് മുന്നിൽ ഇരിക്കുകയാണെങ്കിൽ, ഉവൈസിയും കസേരക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉവൈസിയുടെ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. പ്രീണന രാഷ്ട്രീയത്തിന്റെ കൂട്ടുകെട്ടാണിതെന്ന് അദ്ദേഹം ആരോപിച്ചു. ‘ആരാണ് വലിയ ഭായ്ജാൻ ആകുക എന്ന് മത്സരിച്ചിരുന്ന അഖിലേഷും ഉവൈസിയും ഇപ്പോൾ‘ഭായ്ജാൻ കൊളസ്ട്രേഷൻ’ ആരംഭിച്ചിരിക്കുകയാണ്. അഖിലേഷിന് ഉവൈസി ഒരു‘ഫ്രണ്ട് റിക്വസ്റ്റ്’ അയച്ചിരിക്കുകയാണ് എന്ന് പൂനാവാല എ പരിഹസിച്ചു. ഇരുനേതാക്കളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബി.ജെ.പി ആരോപിച്ചു.അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.