പ്രതിയെ കൊണ്ടുപോവുന്നതിനിടെ
ജയ്പുർ: രാജസ്ഥാനിലെ ബാമറിൽ ഡോക്ടറെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നഴ്സ്. ഡോക്ടർക്കെതിരെ വലിയ ലൈംഗികാരോപണങ്ങളാണ് നഴ്സായ കമല ഉന്നയിച്ചത്. കള്ളക്കേസിലാണ് തന്നെ കുടുക്കിയതെന്നും, ഡോക്ടർ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും നഴ്സ് ആരോപിച്ചു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് കമലയുടെ വെളിപ്പെടുത്തൽ.
ഡോക്ടർ വർഷങ്ങളായി നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. പല സ്ത്രീകളും പൊലീസിനെ സമീപിച്ചിരുന്നുവെന്നു എന്നാൽ പണം നൽകി കേസ് ഒതുക്കി കമല പറഞ്ഞു. ആശുപത്രിയിലെ മറ്റ് രണ്ട് ജീവനക്കാർ കേസ് ഒതുക്കി തീർക്കാനും മറ്റും ഡോക്ടറെ സഹായിച്ചതായി വിഡിയോയിൽ പറയുന്നു. തന്റെ പക്കലുള്ള തെളിവുകൾ പുറത്തുവരാതിരിക്കാനാണ് ഡോക്ടർ ഇപ്പോൾ തനിക്കെതിരെ കള്ളക്കേസ് പരാതി നൽകിയിരിക്കുന്നതെന്നും ഇവർ ആരോപിച്ചു.
2016 മുതൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് തന്നെ വർഷങ്ങളായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് 65 കാരനായ ഡോക്ടറുടെ പരാതിയിലുള്ളത്. ചായ ഉണ്ടാക്കാനെന്ന വ്യാജേന ഡോക്ടറുടെ സ്വകാര്യ മുറിയിൽ കയറിയ നഴ്സ് ഡോക്ടറുടെ ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ സ്വന്തം സ്വന്തം ഫോണിലേക്ക് മാറ്റി. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്നും, കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് കേസ്. ശമ്പളത്തിനു പുറമേ രണ്ടു കോടിയോളം രൂപ നഴ്സ് തട്ടിയെടുത്തു. ഇതിൽ 35 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയത്. കൂടാതെ പണമിടപാടിന്‍റെ രേഖകൾ കമല ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ സിസിടിവി വഴി നഴ്സ് തന്നെ നിരീക്ഷിച്ചിരുന്നുവെന്നും, ലൊക്കേഷൻ അറിയാൻ പ്രത്യേക ഫോണും സിമ്മും നൽകി അത് എപ്പോഴും ഓൺ ചെയ്തുവയ്ക്കാൻ നിർബന്ധിച്ചുവെന്നും ഡോക്ടർ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.