വാടകക്കെടുത്ത 55,000 രൂപയുടെ ട്രൈപോഡ് എയർ ഇന്ത്യ തകർത്തു,നഷ്ടപരിഹാരം 5,000 രൂപ മാത്രം; യാത്രക്കാരന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

മുംബൈ: എയർ ഇന്ത്യയ്ക്ക് എതിരെ യാത്രക്കാരൻ രംഗത്ത്. എയർലൈൻ ജീവനക്കാരുടെ അശ്രദ്ധമൂലം 55,000 രൂപ വിലമതിക്കുന്ന ട്രൈപോഡ് തകരുകയും, ചോദ്യം ചെയ്തപ്പോൾ ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരികയും ചെയ്തതെന്നാണ് യാത്രക്കാരന്റെ പരാതി. ഗോവയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത ഫ്രീലാൻസ് ഫിലിം മേക്കർ സമീർ പഞ്ചാബിയാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്.

കഴിഞ്ഞ ജൂലൈ 20നായിരുന്നു സംഭവം നടന്നത്. യാത്രയ്ക്ക് മുന്നോടിയായി ചെക്ക്-ഇൻ ചെയ്യുന്ന സമയത്ത് തന്നെ സമീർ ഗ്രൗണ്ട് സ്റ്റാഫിനെ കണ്ട് പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു. ലഗേജിലുള്ളത് വാടകയ്ക്ക് എടുത്ത 55,000 രൂപ വിലയുള്ള ട്രൈപോഡ് ആണെന്നും, വേഗത്തിൽ കേടാവാൻ സാധ്യതയുള്ള ഉപകരണത്തോട് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ മുംബൈ വിമാനത്താവളത്തിലെത്തിയ സമീറിനെ കാത്തിരുന്നത് വലിയ ആഘാതമായിരുന്നു. ലഗേജുകൾ കൈപ്പറ്റിയപ്പോൾ ട്രൈപോഡ് പൂർണ്ണമായും നശിച്ച നിലയിലായിരുന്നു. തുടർന്ന് പരിഹാരം തേടി കസ്റ്റമർ സർവീസ് ഡെസ്കിൽ എത്തിയെങ്കിലും ഏകദേശം മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നത്. ഇതിനിടെ എയർലൈൻ ജീവനക്കാരിൽ നിന്ന് തികഞ്ഞ ധാർഷ്ട്യവും മോശം സമീപനവുമാണ് സമീറിനുണ്ടായത്. കമ്പനിയുടെ നിയമപ്രകാരം തകർന്ന ഉപകരണത്തിന് പരമാവധി 5,000 രൂപ മാത്രമേ നഷ്ടപരിഹാരം നൽകാൻ സാധിക്കൂ എന്ന് ഗ്രൗണ്ട് സ്റ്റാഫ് അംഗം അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

യഥാർത്ഥ വിലയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി നൽകാൻ തയ്യാറായത്. ഉപകരണം വാടകയ്ക്ക് എടുത്തതാണെന്ന് അറിയിച്ചെങ്കിലും കാലപ്പഴക്കം ചൂണ്ടിക്കാണിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തത്. വിമാനത്താവളത്തിൽ ലഗേജുകൾ ജീവനക്കാർ വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനെ കാണിച്ചപ്പോൾ "ലഗേജ് ലോഡ് ചെയ്യുന്നത് ഇങ്ങനെയാണ്" എന്ന മറുപടിയാണ് ലഭിച്ചതെന്നും സമീർ കൂട്ടിച്ചേർത്തു.

സമീറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെ എയർ ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തി. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിഷയം പരിശോധിക്കുന്നതിനായി പി.എൻ.ആർ നമ്പർ നൽകണമെന്നുമാണ് എയർ ഇന്ത്യ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഈ ഓൺലൈൻ പ്രതികരണത്തിനെതിരെയും നിരവധി ആളുകൾ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

Tags:    
News Summary - air india express damaged passenger tripod compensation controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.