ന്യൂഡൽഹി: മഹാസഖ്യത്തിന്റെ നേതാക്കൾ അഴിമതിക്കേസുകളിൽ ജാമ്യത്തിലിറങ്ങിയവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പോക്കറ്റിൽ ഭരണഘടനയുടെ കോപ്പിയുമായി നടക്കുന്നവർ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധിയെ പരോക്ഷമായി പരാമർശിച്ച് മോദി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കർപൂരി ഠാകൂറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഞങ്ങൾ ബിഹാറിൽ സദ്ഭരണത്തെ അഭിവൃദ്ധിയായി മാറ്റുകയാണ്. അതേസമയം, കോൺഗ്രസും ആർ.ജെ.ഡിയും എന്താണ് ചെയ്യുന്നതെന്ന് ജനം കാണുന്നുണ്ട്. ഈ ആളുകൾ ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പുകളിൽ ജാമ്യത്തിലാണ്,’ മോദി പറഞ്ഞു.
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കടന്നാക്രമിച്ച മോദി, ആ ജംഗിൾ രാജ് വീണ്ടും സംഭവിക്കാൻ ബിഹാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആർ.ജെ.ഡി പോലുള്ള ഒരു പാർട്ടി അധികാരത്തിലിരിക്കുന്നിടത്ത് ക്രമസമാധാനം നിലനിൽക്കില്ല. ആർ.ജെ.ഡി ഭരണത്തിന് കീഴിൽ കൊള്ളയും, കൊലപാതകവുമടക്കം കുറ്റകൃത്യങ്ങൾ വർധിച്ചു. ദലിതരും പിന്നോക്ക വിഭാഗക്കാരും യുവാക്കളും സ്ത്രീകളും ദുരിതമനുഭവിച്ചു.
ആർ.ജെ.ഡി ഭരണത്തിന് കീഴിൽ നക്സലിസവും മാവോയിസ്റ്റ് ഭീകരതയും തഴച്ചുവളർന്നു. യുവാക്കളെ ഈ മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കാൻ താൻ ദൃഢനിശ്ചയം ചെയ്തു. വളരെ വേഗം, മുഴുവൻ രാജ്യവും, മുഴുവൻ ബീഹാറും, മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് പൂർണ്ണമായും മുക്തമാകും, ഇതാണ് തന്റെ ഉറപ്പെന്നും മോദി പറഞ്ഞു.
ആരോപണങ്ങളിൽ മോദിക്ക് മറുപടിയുമായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർ.ജെ.ഡി അധ്യക്ഷനുമായ തേജസ്വി യാദവ് രംഗത്തെത്തി. പ്രധാനമന്ത്രി തന്നെ നിതീഷ് കുമാറിന്റെ 55 അഴിമതികളുടെ പട്ടിക മുമ്പ് നൽകിയിരുന്നു. എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തേജസ്വി ചോദിച്ചു. അഴിമതികൾ നടക്കുകയും നടപടിയില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഭരണത്തെ ജംഗിൾ രാജ് എന്ന് വിശേഷിപ്പിക്കുക. വെടിവെപ്പ്, കൊലപാതകം, കൊള്ള, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയില്ലാത്ത ഒരു ദിവസം പോലും ബീഹാറിൽ ഇല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലാണ്. ബീഹാർ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത്. അവിടെ എന്താണ് മോദി ചെയ്യുന്നതെന്നും തേജസ്വി ചോദിച്ചു. ബി.ജെ.പിക്ക് ഏജൻസികളെ ദുരുപയോഗം ചെയ്യാൻ മാത്രമേ താത്പര്യമുള്ളൂ. ഗുജറാത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധ ബിഹാറിന്റെ വികസനത്തിൽ അവർക്ക് താൽപര്യമില്ല. ഗുജറാത്തിൽ ഫാക്ടറികൾ സ്ഥാപിക്കും, ബീഹാറിൽ വിജയം ആഗ്രഹിക്കും; ഇനി അത് നടക്കാൻ പോകുന്നില്ലെന്നും തേജസ്വി പറഞ്ഞു. മഹാസഖ്യം, എൻ.ഡി.എയെപ്പോലെ പൊട്ടിപ്പൊളിഞ്ഞ വാഗ്ദാനങ്ങൾ നൽകുന്നില്ല. പറയുന്നതെല്ലാം നടപ്പിലാക്കും. തേജസ്വി യാദവ് മുഖ്യമന്ത്രിയായാൽ, ബീഹാറിലെ ഓരോരുത്തരും മുഖ്യമന്ത്രിയാകും. ബീഹാറിലെ കുറ്റകൃത്യങ്ങളും അഴിമതിയും തുടച്ചുനീക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.