ബിഹാറിൽ രാത്രിയിൽ ഇ.വി.എമ്മുകൾ ട്രക്കിൽ ​കടത്തി ​വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിച്ചുവെന്ന് ആർ.ജെ.ഡി; സി.സി.ടി.വി ഓഫാക്കിയെന്നും ആരോപണം; ദൃശ്യങ്ങൾ വൈറൽ

റോഹ്താസ്: മുൻകൂർ അറിയിപ്പ് കൂടാതെ ബിഹാറിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിറച്ച ട്രക്ക് കടത്തിയെന്നും ആ സമയത്ത് സി.സി.ടി.വി ഓഫാക്കിയ നിലയിൽ ആയിരുന്നുവെന്നും ആരോപിച്ച് ആർ.ജെ.ഡി രംഗത്തെത്തി. ബുധനാഴ്ച രാത്രി വൈകി, ആർ.ജെ.ഡി പ്രവർത്തകരും അനുയായികളും സസാറം നിയമസഭാ മണ്ഡലത്തിലെ തകിയ മാർക്കറ്റ് കമ്മിറ്റി പരിസരത്തുള്ള വജ്ര ഗൃഹ കൗണ്ടിങ് സെന്ററിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും ബിഹാർ ചീഫ് ഇലക്ടറൽ ഓഫിസർ വിനോദ് സിങ് ഗുഞ്ചിയാലിൽ നിന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.

സി.സി.ടി.വി ക്യാമറ ഫീഡുകൾ സ്വിച്ച് ഓഫ് ചെയ്തതായും പ്രതിപക്ഷ പാർട്ടി ആരോപിച്ചു. റോഹ്താസ് ജില്ലയിലെ സസാറാമിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ജില്ലാ ഭരണകൂടം ഇ.വി.എമ്മുകൾ നിറച്ചതായി ആരോപിക്കപ്പെടുന്ന ഒരു ട്രക്ക് മുൻകൂർ അറിയിപ്പോ സുതാര്യതയോ ഇല്ലാതെ എന്തിനാണ് കടത്തിക്കൊണ്ടുപോയത്? ട്രക്ക് ഡ്രൈവർമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ പറഞ്ഞയച്ചത് എന്തുകൊണ്ടാണ്? ഉച്ചക്ക് 2 മണി മുതൽ ഇവിടുത്തെ സി.സി.ടി.വി ക്യാമറ ഫീഡ് ഓഫാക്കിയത് എന്തുകൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.

മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണം. ട്രക്കിൽ എന്താണെന്ന് ഭരണകൂടം പറയട്ടെ. ബന്ധപ്പെട്ട അധികാരികൾ വ്യക്തത നൽകിയില്ലെങ്കിൽ ‘വോട്ട് മോഷണം’ തടയാൻ ആയിരക്കണക്കിന് ആളുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുമെന്ന് ആർ.ജെ.ഡി ‘എക്സി’ൽ മുന്നറിയിപ്പു നൽകി. 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പോളിങ് നവംബർ 11ന് അവസാനിച്ചു. 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നവംബർ 14ന് നടക്കും.

എന്നാൽ, ആർ.ജെ.ഡിയുടെ അവകാശവാദം നിഷേധിച്ച് റോഹ്താസ് ജില്ലാ മജിസ്ട്രേറ്റ് ഉദിത സിങ് രംഗത്തെത്തി. ട്രക്കിൽ ശൂന്യമായ സ്റ്റീൽ ബോക്സുകളാണ് ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞു. നിരവധി സ്ഥാനാർത്ഥികളുടെയും അവരുടെ അനുയായികളുടെയും സാന്നിധ്യത്തിൽ ട്രക്ക് പരിശോധിച്ചതായും  ഉദിത സിംഗ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - RJD alleges EVMs were smuggled into Bihar in a truck at night and brought to the counting centre; CCTV was also turned off; footage goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.