മുംബൈ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടയുന്ന നടപടി നിയമവിരുദ്ധമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈകോടതി വ്യക്തമാക്കി. പൂണെ സ്വദേശിയായ 42കാരിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്. ഹൗസിങ് സൊസൈറ്റിയുടെ മുൻവശത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടഞ്ഞുവെന്നാരോപിച്ച് ഒരു സ്ത്രീയും സുഹൃത്തുക്കളും നൽകിയ പരാതിയിലാണ് കേസ് എടുത്തിരുന്നത്. ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭക്ഷണം നൽകുന്നത് തടഞ്ഞതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മറിച്ച്, ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തടഞ്ഞെതെന്നും കോടതി വ്യക്തമാക്കി. നായകളുടെ കടിയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലാണ്, 42കാരിയായ പ്രതി പരാതിക്കാരിയെയും സുഹൃത്തുക്കളെയും തടഞ്ഞത്. അതിനാൽ, ഇത്തരം ഒരു പ്രവൃത്തി നിയമലംഘനമാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എഫ്.ഐ.ആർ. അനുസരിച്ച്, പരാതിക്കാരി പ്രദേശത്തെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ പോയപ്പോൾ, പ്രതിയും മറ്റ് അംഗങ്ങളും ശക്തമായ എതിർപ്പ് അറിയിക്കുകയും അവരുടെ കാറിന് മുന്നിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
സൊസൈറ്റി പരിസരത്ത് 40ൽ അധികം തെരുവുനായകൾ ഉണ്ടെന്നും ഇത് താമസക്കാർക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും പലർക്കും നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. അതിനാൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ. റദ്ദാക്കണം എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.