രാഹുൽ വിദേശമണ്ണിൽ രാജ്യത്തെ വിമർശിക്കുന്ന ​ആദ്യ പ്രതിപക്ഷ നേതാവെന്ന് റിജിജു, ഇന്ത്യയെ നാണം​ കെടുത്തിയത് ബി.ജെ.പി​യെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭ ​പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും കടന്നാക്രമിച്ച് ബി.ജെ.പി. വിദേശമണ്ണിൽ രാജ്യത്തിനെതിരെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് കേ​ന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

ഇന്ദിരാഗാന്ധിയെ ചൂണ്ടിയായിരുന്നു റിജിജുവിൻറെ വിമർശനം. ഇന്ദിരാഗാന്ധി പ്രതിപക്ഷ നേതാവായിരിക്കെ രാജ്യത്തെ കുറിച്ചും സർക്കാർ നടപടികളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് വിദേശത്ത് വെച്ച് പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് റിജിജു പറഞ്ഞു.

‘ഏതെങ്കിലും ഒരുപ്രതിപക്ഷ നേതാവ് ഇന്ത്യക്ക് പുറത്ത് പോയി രാജ്യത്തിനും ഗവൺമെന്റി​നും എതിരായി പ്രസ്താവന നടത്തിയത് കാണിച്ചുതരാനാവുമോ? രാഹുൽ ഗാന്ധിയാണ് അത് ചെയ്യുന്ന ആദ്യ പ്രതിപക്ഷ നേതാവ്’- റിജിജു പറഞ്ഞു.

രാജ്യത്ത് ജനാധിപത്യത്തിന് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ വലിയ വെല്ലുവിളിയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു റിജിജുവിന്റെ പ്രതികരണം. ‘എഞ്ചിനീയറിങും ആരോഗ്യമേഖലയുമുൾപ്പെടെ മേഖലകളിൽ രാജ്യത്തിന് ശക്തമായ വിഭവശേഷിയുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് രാജ്യത്തെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. അതേസമയം, സംവിധാനങ്ങളിലെ ചില പിഴവുകൾ  തിരുത്തപ്പെടേണ്ടതുണ്ട്. രാജ്യത്ത് ജനാധിപത്യത്തിന് നേരെ നടക്കുന്ന ആക്രമണമാണ് ഇത്തരത്തിൽ വലിയ വെല്ലുവിളിയെന്നായിരുന്നു  രാഹുലിന്റെ വാക്കുകൾ.

ഇതിനിടെ, ബി.ജെ.പിയുടെ ആരോപണത്തെ പ്രതിരോധിച്ച് കോൺഗ്രസും രംഗത്തെത്തി.  വിദേശയാത്ര ചൂണ്ടി തുടർച്ചയായി രാഹുലിനെതി​രെ ബി.ജെ.പി നടത്തുന്ന ആക്രമണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണെന്ന് പാർട്ടി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നത് ബി.ജെ.പിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കൊളംബിയയിൽ വെച്ച് പറഞ്ഞാലും കാൺപൂരിൽ ​വെച്ച് പറഞ്ഞാലും സത്യം സത്യമല്ലാതാവുന്നില്ല. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു, രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടങ്ങൾ ഇല്ലാതാക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ഹൈജാക്ക് ചെയ്യപ്പെട്ടത് ലോകമെമ്പാടും ഇന്ത്യക്ക് അപമാനം വരുത്തിവച്ച ഒരു കാര്യമാണ്. ബി.ജെ.പിയാണ് അതിന് കാരണക്കാർ. ഇത് വ്യക്തമാക്കിയതിന് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ബി.ജെ.പിയുടെ പഴഞ്ചനും, വഴിതെറ്റിയതുമായ തന്ത്രമാണെന്നും കെ.സി. വേണുഗോപാൽ എക്സിൽ കുറിച്ചു. 

Tags:    
News Summary - Rijiju slams Rahul over speech abroad, invokes his grandmother Indira, gets Cong reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.