വേവിച്ച അരി, കറി വെള്ളം, മുട്ട; ‘പ്രധാനമന്ത്രി പോഷൺ പദ്ധതി’യുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഒഡിഷ എം.എൽ.എയുടെ സ്കൂൾ ഭക്ഷണ വിഡിയോ

ഭുവനേശ്വഷർ: ഒഡിഷയിലെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം വേവിച്ച അരി, വെള്ളം പോലുള്ള നീണ്ട കറി, പുഴുങ്ങിയ മുട്ട എന്നിവ വിളമ്പുന്ന വിഡിയോ ​കേന്ദ്രത്തിന്റെ കുട്ടികൾക്കുള്ള പോഷകാഹാര നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമുയർത്തി.

ഒഡിഷയിലെ കലഹണ്ടിയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ സാഗർ ചരൺ ദാസ് ആണ് തന്റെ ‘എക്സ്‘ ഹാൻഡിലിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഒഡിഷയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം വേവിച്ച അരിയും വെള്ളമുള്ള കറിയും മാത്രമാണ് നൽകുന്നത് എന്നത് വളരെ നിരാശാജനകമാണ്. അവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അവർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാം?’ -ദാസ് എഴുതി. 

‘തികച്ചും ലജ്ജാകരം!’ എന്നായലരുന്നു ഒരു ‘എക്സ്’ ഉപയോക്താവിന്റെ പ്രതികരണം. ‘സ്വയം പ്രമോഷനായി കോടികൾ ചെലവഴിക്കുന്നതിൽ ബി.ജെ.പി സർക്കാർ ഒരിക്കലും പരാജയപ്പെടുന്നില്ല. പക്ഷേ, നമ്മുടെ ദരിദ്രരായ കുട്ടികൾക്ക്  ശരിയായതും പോഷകസമൃദ്ധവുമായ ഭക്ഷണം പോലും നൽകാൻ കഴിയില്ല... വേവിച്ച അരിയും വെള്ളമുള്ള കറിയും ഒരു ഭക്ഷണമല്ല. ഇത് ഈ വിദ്യാർത്ഥികളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ്’

‘സ്കൂളിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയല്ലേ ഈ പദ്ധതിക്കുള്ള ഫണ്ട് അനുവദിക്കുന്നത്? അവർക്ക് നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നുണ്ടെങ്കിൽ അത് കുട്ടികളിലേക്ക് എത്തുന്നതിനുമുമ്പ് മറ്റാരോ അത് കഴിക്കുന്നു എന്നാണ്’ എന്ന് മറ്റൊരാൾ പ്രതികരിച്ചു.

പി.എം പോഷൺ (പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൻ) എന്ന് പുനഃർനാമകരണം ചെയ്യപ്പെട്ട ഉച്ചഭക്ഷണ പദ്ധതി വഴി ഇന്ത്യയിലുടനീളമുള്ള സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി, അപ്പർ പ്രൈമറി സ്കൂൾ കുട്ടികൾക്ക് ദിവസവും  ചൂടുള്ള ഉച്ച ഭക്ഷണം നൽകുന്നുവെന്നാണ് പറയുന്നത്.

പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക, കുട്ടികളുടെ പ്രവേശനവും ഹാജർ നിരക്കും വർധിപ്പിക്കുക, കൊഴിഞ്ഞുപോകൽ നിരക്ക് കുറക്കുക എന്നിവയാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക്  കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനും അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക്  കുറഞ്ഞത് 700 കലോറിയും 20 ഗ്രാം പ്രോട്ടീനും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

ദേശീയ പോഷകാഹാര ഡാറ്റയിലെ പൊരുത്തക്കേടുകൾ

അങ്കണവാടി കേന്ദ്രങ്ങളിലെ 95 ശതമാനത്തിലധികം കുട്ടികളെയും ഈ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ‘പോഷൺ ട്രാക്കർ’ ഡാറ്റയും 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയും തമ്മിലുള്ള വ്യത്യാസങ്ങൾ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഗവേഷകരായ ലിൻഡ്സെ ജാക്സ് (എഡിൻബർഗ് സർവകലാശാല), അനന്യ അവസ്തി, അപൂർവ കൽറ (അനുവാദ് സൊല്യൂഷൻസ്) എന്നിവരുടെ 2024 ലെ റിപ്പോർട്ടുകൾ ഇതു തെളിയിക്കുന്നു. 2023 സെപ്റ്റംബറിലെ പോഷൺ ട്രാക്കർ ഡാറ്റ യെയും കുടുംബാരോഗ്യ സർവേ ഡാറ്റയും താരതമ്യപ്പെടുത്തുമ്പോൾ രണ്ടിലും ഭാരക്കുറവും ക്ഷീണവുമുള്ള കുട്ടികളുടെ എണ്ണം ഗണ്യമായി വ്യത്യസപ്പെട്ടിരിക്കുന്നതായി അവർ കണ്ടെത്തി.

പഠനമനുസരിച്ച് പോഷൺ ട്രാക്കറിൽ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം, കുടുംബാരോഗ്യ സർവേ ഡാറ്റയെ അപേക്ഷിച്ച് 13.7 ശതമാനം കുറവാണ്. പോഷകാഹാരക്കുറവിന്റെ ലക്ഷണമായ ക്ഷയിക്കൽ 12.1 ശതമാനവും കടുത്ത ​പോഷകാഹാരക്കുറവ് 1.8 ശതമാനവും കുറവാണെന്ന് കണ്ടെത്തി.

ഇത് യഥാർത്ഥ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുണ്ടോ അതോ അളവെടുപ്പിലെ പൊരുത്തക്കേടുകയാണോ കാണിക്കുന്നത് എന്നത് ഒരു വലിയ ചോദ്യമായി തുടരുന്നുവെന്ന് ഗവേഷകർ ‘ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ’യിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rice, watery curry, egg: Odisha MLA’s video of school meal puts spotlight on PM POSHAN scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.