കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം.
കേസ് അന്വേഷിച്ച സി.ബി.ഐ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വാദിച്ചെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തിയാണ് സിയാൽദ കോടതി അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ജീവപര്യന്തം വിധിച്ചത്. ഡോക്ടർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതിനാൽ സർക്കാർ 17 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. 2024 ആഗസ്റ്റ് ഒമ്പതിന് നടന്ന യുവ ഡോക്ടറുടെ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കൊൽക്കത്ത പൊലീസിലെ മുൻ സിവിക് വളന്റിയർ കൂടിയായ പ്രതി ഭാരതീയ ന്യായ് സംഹിതയിലെ 64, 66, 103(1) വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. 64ാം വകുപ്പ് പ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവ്), 103 (1) വകുപ്പ് പ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവ്), 66ാം വകുപ്പ് പ്രകാരം മരണം വരെ ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ. ഇതെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതി. വിധിക്കെതിരെ പ്രതിക്ക് കൽക്കത്ത ഹൈകോടതിയെ സമീപിക്കാം.
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തെറ്റായി കേസിൽ കുടുക്കിയതാണെന്നും ശിക്ഷാവിധിക്കുമുമ്പ് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു സി.ബി.ഐയുടെയും ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകരുടെയും വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.