അലക്സി നവൽനിയെ റഷ്യ വിഷം നൽകി കൊന്നതെന്ന ആരോപണവുമായി അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ. ഡാർട്ട് തവളകളുടെ തൊലിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിഷമാണ് നൽകിയതെന്നാണ് ആരോപണം. നവൽനി മരിക്കുന്നതിന് ശരീരത്തിൽ വിഷം എത്തിയിരുന്നുവെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിരുന്നു. യു.കെ, ഫ്രാൻസ്, ജർമനി, സ്വീഡൻ, നെതർലന്‍റ് എന്നിവരാണ് രണ്ട് വർഷം മുമ്പ് മരിച്ച നവൽനിയുടെ ശരീരത്തിൽ മാരക വിഷമായ എപ്പിബറ്റിഡിൻ എന്ന മാരക വിഷം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ നടത്തിയത്. മോർഫിനെക്കാൾ 200 മടങ്ങ് വീര്യമുള്ള എപ്പിബാറ്റിഡിൻ കേന്ദ്ര നാഡീ വ്യവസ്ഥയെ ബാധിക്കുകയും പക്ഷാഘാതത്തിനും മരണത്തിനും കാരണമാകുകയും ചെയ്യും.
ആർട്ടിക് പാനൽ കോളനിയിൽ 19 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 2024 ഫെബ്രുവരി16നാണ് നവൽനി കൊല്ലപ്പെട്ടത്. നവൽനിയെ തങ്ങൾക്ക് ഭീഷണിയായാണ് റഷ്യ കണ്ടിരുന്നതെന്ന് ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
ഭരണകൂട അഴിമതിക്കെതിരെ പോരാടിയ നവൽനിയെ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ശത്രു പക്ഷത്താണ് കണ്ടിരുന്നത്. നവൽനിയുടെ മരണത്തിന് പിന്നിൽ റഷ്യയാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പല തവണ ആരോപിച്ചിരുന്നുവെങ്കിലും റഷ്യ അത് തള്ളിക്കളഞ്ഞിരുന്നു. നടക്കാൻ പോയ നവൽനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. 2020ൽ വിഷം പ്രയോഗിച്ച് നവൽനിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും അന്ന് ദൗത്യം വിജയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.