ഹൈദരാബാദ്: തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ പരസ്യപോരിലേക്ക്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെ തുറന്ന വെല്ലുവിളിയുമായി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ മകൾ കൊണ്ട സുഷ്മിത രംഗത്തെത്തി. പാർക്കൽ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിത്വം ലക്ഷ്യമിടുന്ന സുഷ്മിത, സിറ്റിങ് എം.എൽ.എ റെവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡി പിന്തുണ നൽകുന്നതിനെ ചോദ്യം ചെയ്തു.
പാർക്കലിൽ ബുധനാഴ്ച നടന്ന പരിപാടിയിലായിരുന്നു സുഷ്മിതയുടെ രൂക്ഷ പ്രതികരണം. ‘ഇനി രണ്ട് വർഷം കാത്തിരിക്കുന്നതെന്തിന്? അദ്ദേഹത്തോട് ഇപ്പോൾ തന്നെ രാജിവെക്കാൻ പറയൂ. രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള വെല്ലുവിളി. തുടർന്ന്, ‘നിങ്ങളോ നിങ്ങളുടെ അച്ഛനോ മുത്തച്ഛനോ വന്നാലും ഞാൻ പാർക്കലിലെ എം.എൽ.എയാകും’ എന്നും അവർ പറഞ്ഞു.
പാർക്കൽ സീറ്റിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ സുഷ്മിത പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിങ് എം.എൽ.എ റെവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡി പിന്തുണ നൽകുന്നതാണ് ഇപ്പോഴത്തെ തർക്കത്തിന് പ്രധാന കാരണം.
‘എന്റെ ടിക്കറ്റ് തീരുമാനിക്കാൻ രേവന്ത് ആരാണ്?’ എന്നായിരുന്നു സുഷ്മിതയുടെ ചോദ്യം. കോൺഗ്രസ് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തയാറാണെന്നും അവർ വ്യക്തമാക്കി. രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങളും സുഷ്മിത ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ ‘അഹങ്കാരം’ എന്ന് വിശേഷിപ്പിച്ച അവർ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ‘ടിഡി കോൺഗ്രസ്’ ആയി മാറിയെന്നും ആരോപിച്ചു. കോൺഗ്രസിലെ പഴയ നേതാക്കളിൽ പലർക്കും നിലവിലെ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നും അവർ അവകാശപ്പെട്ടു.
മുഖ്യമന്ത്രിയുടെ സഹോദരനുമായി ബന്ധമുള്ളതായി ആരോപിക്കുന്ന 200 കോടി രൂപയുടെ ഭൂമി ഇടപാടും സുഷ്മിത പരാമർശിച്ചു. രേവന്ത് റെഡ്ഡിയുടെ കുടുംബവുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും അവർ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെട്ടു. കൊണ്ട സുരേഖയോട് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ തെലങ്കാന കോൺഗ്രസ് അച്ചടക്ക സമിതി ആവശ്യപ്പെട്ടു. മകളുടെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയോട് വിശദീകരണം തേടിയത്.
അതേസമയം, മുതിർന്ന നേതാവ് ജക്കിഡി പ്രഭാകർ റെഡ്ഡിയെ സസ്പെൻഡ് ചെയ്യുകയും മുൻ മന്ത്രിയും പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായ ചിന്ന റെഡ്ഡിയോട് വിശദീകരണം തേടുകയും ചെയ്തു. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കരുതെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുനുഗോഡ് എം.എൽ.എ കൊമടിറെഡ്ഡി രാജഗോപാൽ റെഡ്ഡി, രേവന്ത് റെഡ്ഡി സർക്കാരിനെ പരസ്യമായി വിമർശിക്കുകയും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും പുറത്തുനിന്നുള്ളവരുടെയും ഭരണത്തിലെ ചില വിഭാഗങ്ങളുടെയും പങ്കിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ തെലങ്കാനയിലെ കോൺഗ്രസ് ‘പഴയ കോൺഗ്രസും പുതിയ കോൺഗ്രസും’ എന്ന തരത്തിൽ ചേരിതിരിയുകയും ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, എൻ. ഉത്തം കുമാർ റെഡ്ഡി, കൊമടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഡി. ശ്രീധർ ബാബു, ദാമോദർ രാജനരസിംഹ, കൊണ്ട സുരേഖ തുടങ്ങിയ മുതിർന്ന നേതാക്കളാണ് പഴയ നേതൃത്വനിരയിൽ പ്രധാനപ്പെട്ടവർ. ടി.പി.സി.സി അധ്യക്ഷൻ ബി. മഹേഷ് കുമാർ ഗൗഡ്, സി.ഡബ്ല്യു.സി പ്രത്യേക ക്ഷണിതാവ് സി. വംശി ചന്ദ് റെഡ്ഡി, ചമല കിരൺ കുമാർ റെഡ്ഡി, രാജ്യസഭാ എം.പിമാരായ അനിൽ കുമാർ യാദവ്, വെം നരേന്ദർ റെഡ്ഡി തുടങ്ങിയവരാണ് രേവന്ത് റെഡ്ഡി പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.