മോദി ജന്മനാ പിന്നാക്ക വിഭാഗക്കാരനല്ലെന്ന് രേവന്ത് റെഡ്ഡി; വാർത്തയിൽ ഇംനേടാൻ വിവാദമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ പിന്നാക്ക വിഭാഗക്കാരനല്ലെന്നും ‘നിയമപരമായി പിന്നാക്ക വിഭാഗത്തിലേക്ക് പരിവർത്തനം’ ചെയ്തയാളാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹമുൾപ്പെട്ട ജാതിയെ പിന്നാക്ക വിഭാഗത്തിന്റെ പട്ടികയിൽ ചേർത്തതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയിൽ ജാതി സർവേയുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

“പിന്നാക്ക വിഭാഗക്കാരനാണെന്നാണ് പ്രധാനമന്ത്രി മോദി അവകാശപ്പെടുന്നത്. എന്നാൽ അദ്ദേഹം ജന്മനാ പിന്നാക്ക വിഭാഗക്കാരനല്ല. നിയമപരമായി പിന്നാക്ക വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തയാളാണദ്ദേഹം. 2001ൽ മുഖ്യമന്ത്രി ആകുന്നതുവരെ അദ്ദേഹം ഉയർന്ന ജാതിക്കാരനായിരുന്നു. അതിനുശേഷം പാസാക്കിയ നിയമത്തിലൂടെ സ്വന്തം ജാതി പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നാക്ക വിഭാഗക്കാരനാണെന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും. എന്നാൽ അദ്ദേഹത്തിന്‍റെ മനസ് അതിനു വിരുദ്ധമാണ്” -പാർട്ടി പരിപാടിക്കിടെ രേവന്ത് റെഡ്ഡി പറഞ്ഞു.

രേവന്ത് റെഡ്ഡിയെ വിമർശിച്ച് രംഗത്തെത്തിയ സംസ്ഥാന ബി.ജെ.പി നേതൃത്വം, വാർത്തകളിൽ ഇടംനേടാനായി മുഖ്യമന്ത്രി അനാവശ്യ വാദങ്ങൾ ഉയർത്തുകയാണെന്ന് വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ രേവന്ത് റെഡ്ഡി പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.

“രേവന്ത് റെഡ്ഡി ജനക്ഷേമത്തിനു വേണ്ടി ഒന്നും ചെയ്യാതെ വാർത്തകളുടെ തലക്കെട്ടിൽ ഇടംനേടാനായി വിവാദ പരാമർശങ്ങൾ ഉന്നയിക്കുകയാണ്. നേരത്തെ മുൻമുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് ബിഹാറി ജീനുകളാണെന്ന് പറഞ്ഞ് ബിഹാറിനെയാകെ അദ്ദേഹം അപമാനിച്ചു. യാഥാർഥ്യം മനസിലാക്കി വേണം അദ്ദേഹം സംസാരിക്കാൻ” -ബി.ജെ.പി വക്താവ് ആർ.പി. സിങ് പറഞ്ഞു. സമാനമായ പരാമർശവുമായി മുമ്പ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിട്ടുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാണിച്ചു. 

Tags:    
News Summary - Revanth Reddy Claims PM Not From "Backward Class By Birth", BJP Slams Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.