ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് 18 യാത്രക്കാർ മരിച്ച സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) തയാറാക്കിയ റിപ്പോർട്ട് പുറത്ത്.
ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി 40 മിനിറ്റിലധികം വൈകിയാണ് ദുരന്ത നിവാരണ സേനക്ക് കോൾ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുന്നത് രാത്രി 9.15നാണെന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഡൽഹി പൊലീസിൽ നിന്ന് തങ്ങൾക്ക് ആദ്യ കോൾ ലഭിച്ചത് രാത്രി 9.55നാണ് എന്ന് ഡൽഹി ഫയർ സർവീസസ് അവകാശപ്പെട്ടു. ആർ.പി.എഫിന്റെ റിപ്പോർട്ട് അനുസരിച്ച്, രാത്രി 8.48നാണ് തിരക്കുണ്ടായതെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ ഡ്യൂട്ടിയിലുള്ള സ്റ്റേഷൻ ഇൻചാർജിന് ആ സമയം തന്നെ നൽകിയിരുന്നുവെന്നും പറയുന്നു.
റിപ്പോർട്ട് പ്രകാരം 12,16 പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാരുടെ തിക്കും തിരക്കും കൂടുതലായിരുന്നു. യാത്രക്കാരിലേറെയും കുംഭമേളക്കായി പ്രയാഗ്‌രാജിലേക്ക് പോകുന്നവയായിരുന്നു. സാഹചര്യം കണക്കിലെടുത്ത്, സ്റ്റേഷൻ ഡയറക്ടറും ആർ.പി.എഫിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണറും ജീവനക്കാരും യഥാക്രമം രണ്ട്, മൂന്ന് ഓവർബ്രിഡ്ജുകളിൽ എത്തി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിൻ പെട്ടെന്ന് അനൗൺസ് ചെയ്തതാണ് തിക്കിനും തിരക്കിനും കാരണമായത്. 16 ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പ്രത്യേക ട്രെയിൻ എത്തും എന്നായിരുന്നു അറിയിപ്പ്. 12-13 , 14-15 പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാർ ഇതോടെ 16 ആം പ്ലാറ്റ്‌ഫോമിലേക്ക് ഓടി. ആളുകൾ കൂട്ടമായി ഓടിയത് തിക്കും തിരക്കും ഉണ്ടാക്കിയതാണ് അപകടകാരണമെന്നാണ് ആർ.പി.എഫ് റിപ്പോർട്ടിൽ പറയുന്നത്.
അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി കാമറ പ്രവർത്തനരഹിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ മണിക്കൂറിലും 1,500നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നായിരുന്നു വിവരം. ഫെബ്രുവരി 16നാണ് തിക്കിലും തിരക്കില്‍പ്പെട്ട് ഡൽഹി റെയിൽവെ സ്റ്റേഷനിൽ 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്മാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.