എന്‍റെ കേസിന്‍റെ പുറത്ത് ബി.ജെ.പി രാഷ്ട്രീയം കളിക്കരുതെന്ന് അഭ്യർഥന -സ്വാതി മലിവാൾ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റിൽ നിന്നും താൻ അതിക്രമം നേരിട്ട സംഭവത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കരുതെന്ന് എ.എ.പി രാജ്യസഭ എം.പി സ്വാതി മലിവാൾ. ബി.ജെ.പിയോടുള്ള പ്രത്യേക അഭ്യർഥനയാണിതെന്ന് അവർ പറഞ്ഞു. താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് പൊലീസിന് മൊഴി നൽകിയെന്നും സ്വാതി മലിവാൾ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി വ്യാപക വിമർശനം ഉന്നയിക്കുന്നതിനിടെയാണ് സ്വാതിയുടെ വാക്കുകൾ. 

'എനിക്ക് നേരിടേണ്ടിവന്ന അനുഭവം വളരെ മോശമാണ്. അത് സംബന്ധിച്ച് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അവർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും നാളുകൾ എന്നെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നു. എനിക്കൊപ്പം നിന്നവരോട് നന്ദി പറ‍യുന്നു. എന്നെ വ്യക്തഹത്യ ചെയ്യാൻ തുനിഞ്ഞവരുണ്ട്. മറ്റ് പാർട്ടികൾക്ക് വേണ്ടി ചെയ്യുന്നതാണിതെന്ന് പറഞ്ഞവരുണ്ട്. അവർക്കും ദൈവം സന്തോഷം മാത്രം നൽകട്ടെ. നമ്മുടെ രാജ്യത്ത് വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വാതി മലിവാൾ എന്ന വ്യക്തി പ്രധാനപ്പെട്ടതല്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് പ്രധാനം. എന്‍റെ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് ബി.ജെ.പിയോട് പ്രത്യേകം അഭ്യർഥിക്കുന്നു' -മലിവാൾ പറഞ്ഞു.

അതേസമയം, സ്വാതി മലിവാളിന്‍റെ പരാതിയിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ സഹായി ബിഭവ് കുമാറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സ്വാതി മലിവാൾ ഡൽഹി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്തത്. അവരെ എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന് കാട്ടിയാണ് സ്വാതിയുടെ പരാതി. സ്വാതി മലിവാളിന് നേരിടേണ്ടി വന്ന കാര്യങ്ങൾ അന്വേഷിക്കാൻ ആം ആദ്മി പാർട്ടി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Tags:    
News Summary - request to BJP people to not do politics on this incident -Swati maliwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.