ഉദ്ധവ്​ താക്കറെയുടെ ഫാം ഹൗസിൽ അതിക്രമിച്ചു കയറി: റിപ്പബ്ലിക്​ ടി.വിയിലെ രണ്ട്​​​ ജീവനക്കാർ അറസ്​റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസിൽ അതിക്രമിച്ചുകയറിയ റിപ്പബ്ലിക്ക് ടി.വി ചാനലിലെ രണ്ട്​​ ജീവനക്കാർ അറസ്റ്റിൽ. റിപ്പോർട്ടറായ അൻജു കുമാർ, വിഡിയോ ജേർണലിസ്​റ്റ്​ യഷ്​പൽജിത്​ സിങ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവർക്കൊപ്പം കടന്ന ഒല കാബ്​ ഡ്രൈവർ പ്രദീപ്​ ദിലീപ്​ ദൻവാഡെ എന്നയാളെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇവരെ നാല് ദിവസത്തേക്ക്​ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

​മാധ്യമപ്രവർത്തകരും ടാക്​സി ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്​ത ശേഷം അകത്തുകടക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര​െൻറ പരാതിയിൽ ആക്രമിക്കാനും ഉപദ്രവിക്കാനും ഉദ്ദേശിച്ച് അതിക്രമിച്ച് കടക്കല്‍ (ഐ.പി.സി 452), വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ (ഐ.പി.സി 448), ബോധപൂര്‍വം മുറിവേല്‍പ്പിക്കല്‍ (ഐ.പി.സി 323), സംഘര്‍ഷമുണ്ടാക്കാനും സമാധാനം തകര്‍ക്കാനും ബോധപൂര്‍വം അധിക്ഷേപിക്കല്‍ (ഐ.പി.സി 504) തുടങ്ങിയ വകുപ്പുകളാണ്​ ചുമത്തിയിരിക്കുന്നത്​.

റിപ്പോർട്ടറെയും വിഡിയോ ജേർണലിസ്​റ്റിനെയും പൊലീസ്​ അനധികൃതമായി കസ്​റ്റഡിയിലെടുത്തിരിക്കുകയാണെന്നും ജനാധിപത്യത്തി​െൻറ നാലാം തൂണായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശിവസേന സർക്കാറി​െൻറ നടപടിയാണിതെന്നും റിപ്പബ്ലിക്​ ടി.വി പുറത്തുവിട്ട പ്രസ്​താവനയിലൂടെ വിമർശിച്ചു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു എന്നാരോപിച്ച് റിപ്പബ്ലിക്ക് ടി.വി എം.ഡിയും മാനേജിങ്​ ഡയറക്ടറുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ, ശിവസേന എം.എ.ല്‍എ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.