ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) മിന്നുംവിജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തിയ നടൻ വിജയിയെ പിന്തുണയ്ക്കാൻ പ്രതിപക്ഷ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയിലെ 30 എം.എൽ.എമാർ തയാറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാർട്ടിയിൽ ആകെ 47 എം.എൽ.എമാരാണുള്ളത്. ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമായില്ലെങ്കിലും പാർട്ടിയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഇതിനോട് കടുത്ത വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി ബന്ധം ഉപേക്ഷിക്കാതെ അവരുമായി സഹകരിക്കില്ലെന്നാണ് വിജയ് പക്ഷം കാണിക്കുന്ന സൂചന. 'ഏത് സാഹചര്യമുണ്ടായാലും ടി.വി.കെയെ പിന്തുണയ്ക്കില്ലെന്ന്' ആണ് എ.ഐ.എ.ഡി.എം.കെ മുതിർന്ന നേതാവ് കെ.പി. മുനുസാമി വ്യക്തമാക്കി. എന്നാൽ പാർട്ടിയിൽ വലിയൊരു വിഭാഗം വിജയിക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നത് പളനിസ്വാമിക്ക് വലിയ വെല്ലുവിളിയാണ്. അതിനിടെ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും വിജയ്‌ക്കെതിരെ കൈകോർക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയ് യുടെ ടി.വി.കെ നേടിയത്. വിജയ് രണ്ട് സീറ്റുകളിൽ ജയിച്ചതിനാലും സ്പീക്കർക്ക് വോട്ടവകാശം ഇല്ലാത്തതിനാലും സഭയിലെ ഫലപ്രദമായ കക്ഷിനില 106 ആണ്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണം. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ഇതിനോടകം വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടത് പാർട്ടികൾ (4), ഐ.യു.എം.എൽ (2), വി.സി.കെ (0) എന്നിവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ എണ്ണം കൃത്യം 117ൽ എത്തും. സ്വതന്ത്രരുടെയും മറ്റും പിന്തുണയോടെ ഭരണം ഉറപ്പിക്കാനാണ് വിജയിന്റെ ശ്രമം.
ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ച് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖറെ കണ്ടു. എന്നാൽ, ഭൂരിപക്ഷം തെളിയിക്കുന്ന കാര്യത്തിൽ ഗവർണർ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതിനാൽ സത്യപ്രതിജ്ഞ നീണ്ടുപോയേക്കും.
വിജയിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ഡി.എം.കെ സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിനെ 'പിന്നിൽ നിന്ന്കുത്തിയവർ' എന്നാണ് ഡി.എം.കെ വിശേഷിപ്പിച്ചത്. വിജയ് മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. ഡി.എം.കെയ്ക്ക് 59 സീറ്റുകളും ബി.ജെ.പി സഖ്യത്തിന് ആറ് സീറ്റുകളുമാണ് ഇത്തവണ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.