മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ

ഗുവാഹത്തി: മണിപ്പൂരിലെ ആറ്​ പോളിങ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെരഞ്ഞെടുപ്പ് കമീഷൻ. ഈ പോളിങ് സ്റ്റേഷനുകളിൽ റീപോളിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 ചൊവ്വാഴ്ച ഈ പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് നടക്കും.

മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന 13 നിയമസഭ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച പോളിങ് നടന്നത്. 848 പോളിങ് സ്റ്റേഷനുകളിലെത്തിയാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ ആറെണ്ണത്തിലെ​ വോട്ടെടുപ്പാണ് ഇപ്പോൾ അസാധുവാക്കിയിരിക്കുന്നത്.

ആറ് പോളിങ് സ്റ്റേഷനിലേയും ജനങ്ങൾ ചൊവ്വാഴ്ച വീണ്ടുമെത്തി വോട്ട് ചെയ്യണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പ്രദീപ് കുമാർ ജാ പറഞ്ഞു. ഈ പോളിങ് സ്റ്റേഷനുകളിൽ പല തടസ്സങ്ങളും നേരിട്ടുവെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് കമീഷൻ റീപോളിങ്ങിന് ഉത്തരവിട്ടതെന്നും തെരഞ്ഞെടുപ്പ് ഓഫീസർമാർ അറിയിച്ചു.

വെള്ളിയാഴ്ച മണിപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ 4.85 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം 82 ആണ് വോട്ടിങ് ശതമാനം. നേരത്തെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും മണിപ്പൂരിൽ സംഘർഷമുണ്ടായിരുന്നു. നിരവധി സ്ഥലങ്ങളിൽ ബൂത്തുപിടിത്തമടക്കം നടന്നതായി ആക്ഷേപമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ പൊലീസിന് വെടിവെക്കേണ്ട സാഹചര്യവും ഉണ്ടായി. ഒന്നാംഘട്ടത്തിന് ശേഷവും മണിപ്പൂരിൽ തെരഞ്ഞെടുപ്പ് കമീഷൻ റീപോളിങ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പിനിടെയും മണിപ്പൂരിലെ സംഘർഷങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം സി.ആർ.പി.എഫിന്റെ ഔട്ട്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തെ സംബന്ധിച്ച് മെയ്തേയ് കുക്കി വിഭാഗങ്ങൾ പരസ്പരം പഴിചാരുകയാണ്.

Tags:    
News Summary - Repolling Ordered In Manipur's 6 Polling Stations On Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.