ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിൽ മുസ്‌ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാർഡ് പുനർനിർണയം. ഡസനോളം വാർഡുകളുടെ പേരാണ് മാറ്റുന്നത്. പുതിയ നീക്കത്തിനെതിരെ വിമർശനവുമായി സമാജ്‌വാദി പാർട്ടി, കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
നഗരസഭ വാർഡുകളുടെ എണ്ണം 80 ആക്കി ഉയർത്തിക്കൊണ്ടാണ് പുതിയ പുനർനിർണയത്തിന്റെ കരടുരേഖ തയാറായിരിക്കുന്നത്. ഇസ്മായിൽപൂർ, മുഫ്തിപൂർ, അലിനഗർ, തുർക്ക്മാൻപൂർ, റസൂൽപൂർ, ഹൂമയൂൺപൂർ നോർത്ത്, മിയാ ബസാർ, ഗോസിപൂർവ, ദാവൂദ്പൂർ, ജഫ്ര ബസാർ, ഖാസിപൂർ, ചക്‌സ ഹുസൈൻ, ഇലാഹി ബാഗ് തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഇലാഹിബാഗ്, ജഫ്ര ബസാർ, ഇസ്മായിൽപൂർ എന്നീ ഗ്രാമങ്ങൾ ഇനിമുതൽ യഥാക്രമം ബന്ധു സിങ് നഗർ, ആത്മരാം നഗർ, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക.
കരടുരേഖ പുറത്തിറക്കിയ അധികൃതർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ഒരാഴ്ചക്കകം അഭിപ്രായങ്ങൾ അറിയിക്കാനാണ് നിർദേശം. ഇതിനുശേഷം കരടുരേഖക്ക് ഔദ്യോഗികമായി അംഗീകാരം നൽകാനാണ് നീക്കം.
പേരുമാറ്റം സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എസ്.പി നേതാവും ഇസ്മായിൽപൂർ കൗൺസിലറുമായ ശഹാബ് അൻസാരി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പാർട്ടി യോഗം ചേരുമെന്നും തിങ്കളാഴ്ച എതിർപ്പ് ഉന്നയിക്കാൻ പ്രതിനിധി സംഘം ജില്ല മജിസ്‌ട്രേറ്റിനെ കാണുമെന്നും അദ്ദേഹം അറിയിച്ചു. പണം ധൂർത്തടിക്കാനുള്ള അഭ്യാസമാണ് പേരുമാറ്റ നീക്കമെന്ന് കോൺഗ്രസ് നേതാവ് തലത് അസീസ് പ്രതികരിച്ചു. ഇത്തരം നടപടികളിലൂടെ സർക്കാരിന് എന്താണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ പേരുകൾ അഭിമാനത്തിന്റെ വികാരം ഉണർത്തുന്നതാണെന്ന് മേയർ സീതാറാം ജയ്‌സ്വാൾ പറഞ്ഞു. പല വാർഡുകളും ഐതിഹാസിക വ്യക്തിത്വങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.