അക്​ബർ റോഡിന്‍റെ പേര്​ മാറ്റി ബിപിൻ റാവത്ത്​ റോഡാക്കണമെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്​തമായ അക്ബർ റോഡിന്‍റെ പേര് മാറ്റി തമിഴ്​നാട്​ കുന്നൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ പേര് നൽകണമെന്ന ആവശ്യവുമായി ബി.ജെ.പി. ഇത് ബിപിൻ റാവത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്ന് ബി.ജെ.പി മീഡിയ വിഭാഗം ഡൽഹി തലവൻ നവീൻ കുമാർ പറഞ്ഞു. ഈ ആവശ്യം മുൻനിർത്തി ഇയാൾ ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി) ചെയർമാന് കത്തയക്കുകയും ചെയ്​തു.

അക്ബർ റോഡിന് ബിപിൻ റാവത്തിന്‍റെ പേര് നൽകി രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയുടെ ഓർമ്മകൾ സ്ഥിരമാക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. ഇത് അദ്ദേഹത്തിന് നൽകുന്ന യഥാർത്ഥ ആദരവാണെന്നും നവീൻ കുമാർ ചൂണ്ടിക്കാട്ടി. നിരവധി പേർ സമാന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചർച്ചചെയ്യുമെന്നും എൻ.ഡി.എം.സി വൈസ് ചെയർമാൻ സതീശ് ഉപാധ്യായ് പറഞ്ഞു.

റോഡിന്‍റെ പേര് മാറ്റണമെന്ന ആവശ്യം ആദ്യമായിട്ടല്ല ഉയരുന്നത്​. അക്ബർ റോഡിന്‍റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി. കെ സിംഗ് നേരത്തെ കത്തെഴുതിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അക്ബർ റോഡിന്‍റെ ഒരു സൈൻ ബോർഡ് നശിപ്പിക്കുകയും അവയിൽ 'സാമ്രാട്ട് ഹേമു വിക്രമാദിത്യ മാർഗ്' എന്ന് ഹിന്ദുത്വ തീവ്രവാദികൾ എഴുതിച്ചേർക്കുകയും ചെയ്​തിരുന്നു. ഹിന്ദുസേന എന്ന തീവ്രവാദ സംഘടന ഇത്​ ചെയ്​തത്​ തങ്ങളാണെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഡൽഹിയിലും ഉത്തർപ്രദേശിലും പേര്​ മാറ്റം വ്യാപകമായി നടപ്പാക്കുന്നുണ്ട്​.

Tags:    
News Summary - Rename Akbar Road after late CDS Rawat: BJP media cell head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.