ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം നടത്തിയതിന് ക്രിമിനസ് കേസെടുത്ത നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേര സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. അലഹബാദ് ഹൈകോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
കേസ് റദ്ദാക്കുന്നതിനായി ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി) സെക്ഷൻ 482 പ്രകാരം സമർപ്പിച്ച ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച തെളിവുകൾ വിലയിരുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ആഗസ്റ്റ് 17ന് അലഹബാദ് ഹൈക്കോടതി പവൻ ഖേരയുടെ ഹരജി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് പ്രധാനമന്ത്രിയെ ആക്ഷേപിച്ച് പരാമർശം നടത്തിയെന്നാരോപിച്ച് പവൻ ഖേരക്കെതിരെ ഖേരക്കെതിരെ അസമിലും ഉത്തർ പ്രദേശിലും മൂന്ന് ഹരജികൾ രജിസ്റ്റർ ചെയ്തത്. ഈ എഫ്.ഐ.ആറുകൾ സുപ്രീംകോടതി ഏകോപിപ്പിച്ചു. ഇടക്കാല ജാമ്യം കേൾക്കുന്നതിനിടെ കേസ് ലഖ്നോവിലെ ഹസ്രത്ഗഞ്ച് പൊലീസ് മാറ്റുകയും ചെയ്തു. പിന്നീട് ലഖ്നോ കോടതി ജാമ്യം നൽകുകയായിരുന്നു. ആരോപണവിധേയമായ പരാമർശങ്ങൾക്ക് ഖേര കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതംദാസ് മോദി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു പവൻ ഖേര പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.