ധർമസ്ഥല: എൻ.ഐ.എ അന്വേഷിക്കണ​മെന്ന് അമിത് ഷായോട് സന്യാസിമാർ; മന്ത്രിസഭ തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്

മംഗളൂരു: ധർമ്മസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ഒരുസംഘം സന്യാസിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യ​​പ്പെട്ടു. 'സനാതൻ സന്ത് നിയോഗ' എന്ന പേരിൽ കർണാടകയിൽ നിന്നുള്ള വിവിധ മഠാധിപതികളാണ് ന്യൂഡൽഹിയിൽ അമിത് ഷായെ സന്ദർശിച്ച് നിവേദനം നൽകിയത്.

എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ അമിത്ഷാ ഉറപ്പ് നൽകിയതായി സംഘത്തെ നയിച്ച രാജശേഖരാനന്ദ സ്വാമി പറഞ്ഞു.

‘ധർമസ്ഥലയിലെ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഞങ്ങൾ അറിയിച്ചു. എൻ.ഐ.എ അന്വേഷണം സംബന്ധിച്ച അദ്ദേഹത്തിന്റെ ഉറപ്പിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഹിന്ദു വിശ്വാസത്തിനും ക്ഷേത്രങ്ങൾക്കും ചീത്തപ്പേരുണ്ടാക്കാനും ഭക്തർക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും വളർത്താനും ലക്ഷ്യമിട്ട് ഇന്ത്യക്കകത്തും പുറത്തും ബന്ധങ്ങളുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു’ -സ്വാമി പറഞ്ഞു.

മതസ്ഥാപനങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനുള്ള പദ്ധതികളും ഷാ സൂചിപ്പിച്ചതായി സ്വാമി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്ക് വിദേശ ധനസഹായം ലഭിച്ചുവെന്ന ആരോപണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന് അമിത് ഷാ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Religious seers meet HM Shah in Delhi, demand NIA probe in Dharmasthala case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.