ന്യൂഡൾഹി: റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർ.സി.എഫ്.എൽ), റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർ.എച്ച്.എഫ്.എൽ), അനിൽ അംബാനി എന്നിവർക്കെതിരായ സി.ബി.ഐ നടപടി തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ, സാമ്പത്തിക പ്രകടനം, ഭരണം എന്നിവയെ ബാധിച്ചിട്ടില്ലെന്ന് റിലയൻസ് പവർ ലിമിറ്റഡ്.
സി.ബി.ഐയുടെ റിലീസിൽ പരാമർശിച്ചിരിക്കുന്ന വിഷയം ആർ.സി.എഫ്.എല്ലിനെയും ആർ.എച്ച്.എഫ്.എല്ലിനെയും സംബന്ധിച്ചതാണെന്നും ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഇടപാടുകളാണ് അതിൽ ഉൾപ്പെടുന്നതെന്നും കമ്പനി പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയുടെ മേൽനോട്ടത്തിൽ 2022ലും 2023ലും സുപ്രീംകോടതി അംഗീകരിച്ച സ്വതന്ത്രവും വായ്പ നൽകുന്നവരുടെ നേതൃത്വത്തിലുള്ളതുമായ പ്രക്രിയകളിലൂടെ രണ്ട് സ്ഥാപനങ്ങളും പ്രശ്നങ്ങൾ പരിഹരിച്ചു. അനിൽ അംബാനി ഒരിക്കലും ആർ.സി.എഫ്.എല്ലിന്റെയും ആർ.എച്ച്.എഫ്.എല്ലിന്റെയും ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടില്ലെന്നും മൂന്നര വർഷത്തിലേറെയായി റിലയൻസ് പവറിന്റെ ഡയറക്ടറല്ലെന്നും റിലയൻസ് പവർ ലിമിറ്റഡ് വ്യക്തമാക്കി.
‘റിലയൻസ് പവർ പ്രത്യേകമായും സ്വതന്ത്രമായും ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്. ഈ നടപടികൾ കമ്പനിയുടെ ദൈനംദിന മാനേജ്‌മെന്റിനെയോ, ഭരണത്തെയോ, സാമ്പത്തിക സ്ഥിരതയെയോ ബാധിക്കില്ല’ - കമ്പനി പറഞ്ഞു.
ഈ വിശദീകരണത്തെത്തുടർന്ന് റിലയൻസ് പവർ ഓഹരികൾ 1.7 ശതമാനം ഉയർന്ന് 48.28 രൂപ എന്ന നിരക്കിലെത്തി. റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനത്തിന് 5,305 മെഗാവാട്ടിന്റെ പ്രവർത്തന പോർട്ട്‌ഫോളിയോയുണ്ട്. അതിൽ സസാൻ പവർ ലിമിറ്റഡിന്റെ 3,960 മെഗാവാട്ട് ഉൾപ്പെടുന്നു. 2025 ജൂൺ വരെ, പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 24.98 ശതമാനം ഓഹരികളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.