ന്യൂഡൽഹി: ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ (ഇന്ത്യൻ രൂപ 8500 കോടി) വായ്പ അനുവദിച്ച അന്താരാഷ്ടട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) നടപടിയെ നിശിതമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത്. ജമ്മു കശ്മീരിനെ തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾക്ക് ചെലവഴിച്ച പണം തിരിച്ചുനൽകുകയാണ് ഐ.എം.എഫ് ചെയ്യുന്നതെന്ന് ഉമർ അബ്ദുല്ല പറഞ്ഞു. ലോക രാജ്യങ്ങൾ സമാധാനാഹ്വാനം നടത്തുമ്പോൾ, ഐ.എം.എഫ് വായ്പ അനുവദിക്കുന്നതിലൂടെ അതിനുള്ള സാധ്യത ഇല്ലാതാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“ഉപഭൂഖണ്ഡത്തിലെ സംഘർഷത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഐ.എം.എഫ് ഫണ്ട് അനുവദിക്കുന്നതോടെ സംഘർഷം വീണ്ടും രൂക്ഷമാകും. പൂഞ്ച്, രജൗറി, ഉറി, താങ്ധർ തുടങ്ങി നിരവധി പ്രദേശങ്ങൾ തകർക്കാൻ പാകിസ്താൻ ഉപയോഗിച്ച ആയുധങ്ങൾക്ക് ചെലവഴിച്ച പണം തിരിച്ചുനൽകുകയാണ് ഐ.എം.എഫ്” -ഉമർ അബ്ദുല്ല പറഞ്ഞു.
കഴിഞ്ഞ രാത്രിയാണ് ഒരു ബില്യണ്‍ ഡോളറിന്‍റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ ഓഫീസ് അവകാശപ്പെട്ടത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി വഴിയാണ് പാകിസ്താന് വായ്പ ലഭിക്കുക. പാകിസ്താന് 2.3 ബില്യൺ യു.എസ് ഡോളറിന്‍റെ വായ്പകൾ നൽകാനുള്ള നീക്കത്തെ ഐ.എം.എഫ് വേദിയില്‍ ഇന്ത്യ എതിര്‍ത്തിരുന്നു. പാകിസ്താന് വായ്പ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐ.എം.എഫ് ബോര്‍ഡിലായിരുന്നു ഇന്ത്യന്‍ എതിര്‍പ്പ്.
ഐ.എം.എഫ് യോഗത്തിലെ വോട്ടെടുപ്പില്‍നിന്നും ഇന്ത്യ വിട്ടുനിന്നു. പാകിസ്താന് ധനസഹായം നൽകുന്നത് അതിർത്തി കടന്നുള്ള ഭീകരതക്കായി ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു ഇന്ത്യ ഉയര്‍ത്തിയ ആശങ്ക. എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി ലെൻഡിങ് പ്രോഗ്രാം വഴി പാകിസ്താന് ഒരു ബില്യൺ യു.എസ് ഡോളർ നല്‍കുന്നതും റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി ലെൻഡിംഗ് പ്രോഗ്രാം വഴി 1.3 ബില്യൺ യു.എസ് ഡോളര്‍ നല്‍കുന്നതും ചര്‍ച്ച ചെയ്യാനായിരുന്നു ഐ.എം.എഫ് ബോര്‍ഡ് ചേര്‍ന്നത്.
അതിർത്തി കടന്നുള്ള ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന പാകിസ്താന് തുടർച്ചയായി തുക അനുവദിക്കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുമെന്നും ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഐ.എം.എഫ് പദ്ധതി അട്ടിമറിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനും ദീർഘകാല വീണ്ടെടുക്കലിലേക്കുള്ള പാതയിൽ എത്തിക്കാനും ഐ.എം.എഫ് വായ്പ സഹായിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.