ന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകളെ ചുറ്റിപ്പറ്റിയും അന്വേഷണം. രണ്ട് 9എം.എം വെടിയുണ്ടകൾ സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. സവിശേഷ വിഭാഗങ്ങൾക്കും പ്രത്യേക അനുമതിയുള്ളവർക്കും മാത്രമാണ് ഈ വെടിയുണ്ടകൾ നൽകുന്നത്.
സ്ഥലത്ത് വിന്യസിക്കപ്പെട്ട സായുധവിഭാഗങ്ങളുടെ വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്നിരിക്കെ പ്രതികൾക്ക് എവിടെനിന്ന് ഇത് ലഭിച്ചുവെന്നാണ് അന്വേഷണം. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉമർ നബി സഞ്ചരിച്ച റൂട്ടുകളടക്കം അന്വേഷണവിധേയമാക്കുന്നുണ്ട്. ഫരീദാബാദിൽനിന്ന് പുറപ്പെട്ട് ഹരിയാനയിലെ നൂഹ് വഴി ഡൽഹിയിലെത്തിയതിനിടെ തങ്ങിയ സ്ഥലങ്ങൾ, ഫോൺ റെക്കോഡുകൾ, ടവർ ലൊക്കേഷൻ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. 50 കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പുനരാവിഷ്കരിക്കും.
അതിനിടെ, പ്രതികളായ മുസമ്മിൽ, ഷാഹീൻ എന്നിവർ ഹവാല ഇടപാടിലൂടെ പണമുണ്ടാക്കിയതായി സംശയിക്കുന്നുണ്ട്. വിദേശത്തുനിന്ന് എത്തിയതെന്ന് കരുതുന്ന 20 ലക്ഷം രൂപയുടെ സ്രോതസ്സ് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ബോംബ് നിർമാണത്തിന് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് ഉപയോഗപ്പെടുത്തിയോ എന്നതും ഹരിയാനയിലെ ഫരീദാബാദിലുള്ള അൽഫലാഹ് യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.