ഡൽഹി സ്ഫോടനം: എൻ.ഐ.ഐ അന്വേഷണം ഏറ്റെടുത്തു, പുൽവാമയിലും ഫരീദാബാദിലും പരിശോധന

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. രാവിലെ 11 മണിയോടെ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐ.ബി ഡയറക്ടർ, ഡൽഹി പോലീസ് കമ്മീഷണർ, എൻ.ഐ.എ ഡിജി, ജമ്മു കശ്മീർ ഡി.ജി.പി എന്നിവർ പങ്കെടുത്തു.

അതേസമയം, സ്ഫോടനത്തിൽ ചാവേറായെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിന്റെ വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പരിശോധന നടക്കുകയാണ്. ഉമറിന്‍റെ കാശ്മീരിലെ വീട്ടിൽ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഡി.എൻ.എ വിവരങ്ങൾ ഉപയോഗിച്ച് വാഹനമോടിച്ചിരുന്നത് ഉമറാണോ എന്ന് ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽഫല സർവകലാശാലയിലും പരിശോധനകൾ നടത്തുന്നുണ്ട്.

ഫരീദാബാദിൽ പിടിയിലായ സംഘത്തിലുള്ളവും ഉമറുമായും ബന്ധമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, ഇയാളുടെ സൃഹൃത്തായ പുൽവാമ സ്വദേശി സജാദി​നെ ജമ്മുകാശ്മീർ പൊലീസ് കസ്റ്റഡിലെടുത്തതായും വിവരമുണ്ട്. ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വഭാവി ആയിരുന്നുവെന്നും സഹോദരന്‍റെ ഭാര്യ പറഞ്ഞു.

താരിഖിൽ നിന്ന് ഉമർ വാഹനം വാങ്ങിയ ദിവസത്തേതെന്ന രീതിയിൽ സി.സി.ടി.വി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വാഹനം പുക പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച കാറിന്റെ സഞ്ചാര വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഐ20 കാർ ഡൽഹിയിലേക്ക് കടന്നത് തിങ്കളാഴ്ച രാവിലെ എട്ടോടെയാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ നിഗമനം.

ഫരീദാബാദ് ഭാഗത്ത് നിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ ഡൽഹിയിലേക്ക് കടന്ന കാർ 8.30 ഓടെ ഓഖ്‍ല പെട്രോൾ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം സെൻട്രൽ ഓൾഡ് ഡൽഹിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോർട്ട് പാർക്കിംഗിലെത്തി. ആറരയോടെയാണ് സി.സി.ടി.വിയിൽ പതിഞ്ഞ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

സ്ഫോടനത്തിൽ കുറ്റക്കാ​രെ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് പറഞ്ഞു. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നൽകുകയാണെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു. ചെങ്കോട്ട സ്ഫോടനത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമ​ന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. 

അതേസമയം, മരിച്ചവരിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ചാന്ദ്‌നി ചൗക്കിൽ യാത്രക്കാരനുമായി എത്തിയ ടാക്സി ​ഡ്രൈവർ ബീഹാർ സ്വദേശി പങ്കജ് സൈനി, ഉത്തർപ്രദേശിലെ ഷംലി സ്വദേശിയായ നോമൻ, ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായ അശോക് കുമാർ, അമ്രോഹയിൽ നിന്നുള്ള ലോകേഷ് കുമാർ ഗുപ്ത എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനാരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Red Fort blast case handed over to NIA: MHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.