പുതുച്ചേരിയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എൻ.രംഗസാമി മോട്ടോർ സൈക്കിളിൽ പോകുന്നു
ചെന്നൈ: ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് രേഖപ്പെടുത്തി പുതുച്ചേരിയിൽ വോട്ടെടുപ്പ് സമാപിച്ചു. 89.20 ശതമാനമാണിത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 83.4 ശതമാനമായിരുന്നു. 30 നിയമസഭ മണ്ഡലങ്ങളിലെ 1099 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. മൊത്തം 9.5 ലക്ഷം വോട്ടർമാർ.രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങുന്നതിനുമുമ്പ് പുതുച്ചേരി, കാരൈക്കൽ, മാഹി, യാനം തുടങ്ങിയ സ്ഥലങ്ങളിലെ ഒട്ടുമിക്ക ബൂത്തുകളിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും നീണ്ടനിര കാണാമായിരുന്നു. 11 മണിയോടെ 37.06 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഉച്ചക്ക് ഒരു മണിക്ക് ഇത് 56.83 ശതമാനമായും മൂന്നുമണിയോടെ 72.40 ശതമാനമായും അഞ്ചുമണിയോടെ 86.92 ശതമാനമായും ഉയർന്നു.
എസ്.ഐ.ആർ ഇഫക്ടാണ് വോട്ടിങ് ശതമാനം ഉയരാൻ കാരണമായതെന്നും വിലയിരുത്തലുണ്ട്. പുതുച്ചേരി ലഫ്.ഗവർണർ കെ.കൈലാസനാഥൻ ഡി.എം.എസ് ഓഫിസിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എൻ.രംഗസ്വാമി ബൈക്കിലെത്തിയാണ് തിലാസ്പേട്ട ഗവ. ബോയ്സ് ഹൈസ്കൂളിൽ വോട്ട് ചെയ്തത്. മുൻ മുഖ്യമന്ത്രി വി.നാരായണസാമി വി.ഒ.സി ഗവ. സ്കൂളിൽ വോട്ട് ചെയ്തു. ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ എ.നമശ്ശിവായം മന്നാടിപേട്ട സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
പുതുച്ചേരി ബഹൗർ നിയമസഭ മണ്ഡലത്തിൽ 1,500 രൂപയുടെ സമ്മാന കൂപ്പണുകൾ വോട്ടർമാർക്ക് വിതരണം ചെയ്തത് ബഹളത്തിനിടയാക്കി. എൻ.ആർ കോൺഗ്രസ് പ്രവർത്തകരാണ് ഇവ വിതരണം ചെയ്തതെന്ന് ആരോപിച്ച് ഡി.എം.കെ പ്രവർത്തകർ രംഗത്തെത്തി. പൊലീസ് സ്ഥലത്തെത്തിസ്ഥിതിഗതികൾ നിയന്ത്രിച്ചു.കാരൈക്കലിലെ കോട്ടുച്ചേരി ഗവ. സ്കൂൾ ബൂത്തിലെ വിവിപാറ്റ് യന്ത്രത്തിൽനിന്ന് പുക വന്നത് പരിഭ്രാന്തിക്കിടയാക്കി. ഉടനടി യന്ത്രം ബൂത്തിന് പുറത്തെത്തിച്ച് ബാറ്ററി നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.