ന്യൂഡൽഹി: വീട്ടിൽ ചാക്കിൽ നോട്ടുകെട്ട് കണ്ടെത്തി വിവാദത്തിലായ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്ര സർക്കാറിന് ശിപാർശ നൽകി. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.
സംഭവം അന്വേഷിക്കുന്ന മൂന്നംഗ സമിതിയുടെ റിപ്പോർട്ടും ജസ്റ്റിസ് യശ്വന്ത് വർമയുടെ പ്രതികരണവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ജസ്റ്റിസ് വർമയോട് സുപ്രീംകോടതി രാജിവെക്കാൻ നിർദേശിച്ചെങ്കിലും അദ്ദേഹം നിരസിച്ചതോടെയാണ് പുറത്താക്കാനുള്ള നീക്കം. മാർച്ച് 14ന് അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന മുറിയിൽ തീപിടിത്തമുണ്ടായപ്പോൾ എത്തിയ പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരുമാണ് ചാക്കിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. അദ്ദേഹവും ഭാര്യയും ഈ സമയം ഭോപാലിലായിരുന്നു. ഡൽഹി ഹൈകോടതിയിൽ ന്യായാധിപനായിരുന്ന വർമയെ വിവാദത്തെ തുടർന്ന് അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റിയിരുന്നു.
ഇവിടെ ജുഡീഷ്യൽ ചുമതലകളൊന്നും നൽകിയിട്ടുമില്ല. കേസിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി മേയ് മൂന്നിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഔദ്യോഗിക വസതിയോട് ചേർന്ന മുറിയിൽ ചാക്കുകളിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പഞ്ചാബ്- ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, മലയാളിയും കർണാടക ഹൈകോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോർട്ട്.
ജസ്റ്റിസ് വർമയുടെ ഡൽഹിയിലെ വസതിയിലെത്തി തെളിവെടുക്കുകയും ജീവനക്കാർ, ഡൽഹി പൊലീസ് കമീഷണർ സഞ്ജയ് അറോറ, ഡൽഹി അഗ്നിശമന വകുപ്പ് മേധാവി എന്നിവരുൾപ്പെടെ അമ്പതിലധികം പേരിൽനിന്ന് മൊഴിയെടുത്താണ് അന്വേഷണ സമിതി റിപ്പോർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.