ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ ആർ.സി.ബിയുടെ വിക്ടറി പരേഡിന് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും 11 പേർക്കാണ് ജീവൻ നഷ്ടമായത്. മതിയായ തയാറെടുപ്പുകൾ നടത്താതെ പരേഡിന് അനുമതി നൽകിയെന്ന് സർക്കാറിനെതിരെ ഇതിനോടകം വിമർശനമുയരുന്നുണ്ട്. സ്റ്റേഡിയത്തിനു പുറത്ത് മരണസംഖ്യ ഉയരുമ്പോഴും വിജയാഘോഷം തുടർന്ന റോയൽ ചാലഞ്ചേഴ്സ് ടീമിനെതിരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വരുന്നുണ്ട്.
തിക്കിലും തിരക്കിലും ആളുകൾ മരിക്കുമ്പോൾ അതിനെ കുറിച്ച് സൂചന പോലും നൽകാതെ വിക്ടറി പരേഡ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് അവിശ്വസനീയമെന്നായിരുന്നു ഒരു ഉപയോക്താവ് എക്സിൽ കുറിച്ചത്. ചേതനയറ്റ ശരീരങ്ങൾ വീണുകിടക്കുമ്പോഴും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആഘോഷം -മനുഷ്യത്വം എവിടെ? ഒരുകാര്യവുമില്ലാതെ യുവാക്കൾ മരിക്കുന്നു. മരണത്തിൽ പോലും അവമതിക്കപ്പെടുന്നു. അപമാനകരവും നിഷ്ഠുരവും ക്ഷമിക്കാനാകാത്തതുമാണിത്. ഉത്തരവാദികളെ പുറത്തുകൊണ്ടുവരികയും ശിക്ഷിക്കുകയും വേണം -എന്നിങ്ങനെ പോകുന്നു മറ്റൊരു കുറിപ്പ്.
ബാരിക്കേഡ് പോലുമില്ലാതെ ഇത്രവലിയ ജനസഞ്ചയം പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നൽകിയതിനെയും നെറ്റിസൺസ് വിമർശിക്കുന്നു. സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം സ്റ്റേഡിയത്തിനുള്ളിലുള്ളവർ അപകടത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പ്രതികരിച്ചത്. സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അഭ്യർഥിച്ചു. കുറ്റം സംഘാടകരുടേതാണെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ഇത്ര വലിയ ആഘോഷ പരിപാടിക്ക് കൃത്യമായ മുന്നൊരുക്കങ്ങളും സുരക്ഷാ മുൻകരുതലുകളും വേണ്ടിയിരുന്നുവെന്നും വീഴ്ച സംഭവിച്ചുവെന്നും സൈക്കിയ വിലയിരുത്തി.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തിൽ ഒരുക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. ആയിരക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.