ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. ഉപയോക്താക്കൾക്ക് ഇന്ത്യൻ ബാങ്കുകളെ തിരിച്ചറിയുന്നതിനും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതും ലക്ഷ്യമിട്ടാണ് ആർ.ബി.ഐയുടെ പുതിയ ഉത്തരവ്. ഇനി മുതൽ ബാങ്കുകളുടെ വെബ് വിലാസത്തിന്‍റെ അവസാനം 'ഡോട്ട് ബാങ്ക് ഡോട്ട് ഇൻ' എന്നായിരിക്കും ഉണ്ടായിരിക്കുക.
സൈബർ സുരക്ഷ, ഫിഷിങ് തട്ടിപ്പുകൾ, എന്നിവയിൽ നിന്നെല്ലാം തടയുന്നതിനും പകരം ഡിജിറ്റൽ ബാങ്കിങിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ബാങ്കുകളുടെ പേരില്‍ അക്ഷരങ്ങള്‍ മാറ്റി വ്യാജ വെബ്സൈറ്റുകളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആർ.ബി.ഐ പുതിയ ഡൊമെയ്ന്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നവംബര്‍ ഒന്നിന് മുമ്പായി ഇത് നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആർ.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു.
ഈ ഡൊമെയ്ന്‍ വിലാസം രജിസ്റ്റർ ചെയ്ത ബാങ്കുകള്‍ക്ക് മാത്രമേ അനുവദിക്കൂ. മുമ്പ് ഉപയോഗിച്ചിരുന്ന വെബ് വിലാസം നല്‍കിയാല്‍ പുതിയ വിലാസത്തിലേക്ക് മാറുന്നെന്ന സന്ദേശം കാണിച്ചശേഷം തനിയെ പുതിയ വിലാസത്തിലേക്ക് മാറുന്നതായിരിക്കും. നിലവിൽ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ മുൻനിര സ്വകാര്യ മേഖലയിലെ വായ്പാദാതാക്കൾ പുതിയ രീതി സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (എം.ഇ.ഐ.ടി. വൈ) കീഴിലുള്ള നാഷണൽ ഇന്റർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻ.ഐ.എക്സ്.ഐ) അംഗീകരിച്ച പുതിയ ഡൊമെയ്‌നിന്റെ ഏക രജിസ്ട്രാറായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി (ഐ.ഡി.ആർ. ബി.ടി) പ്രവർത്തിക്കും. ലോഗിൻ ചെയ്യുന്നതിന് മുമ്പ് ബാങ്കിങ് യു.ആർ.എൽ 'ഡോട്ട് ബാങ്ക് ഡോട്ട് ഇൻ' ൽ അവസാനിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഉപയോക്താക്കളോട് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. ഇതേ രീതിയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) മാറും. ഇതിന് സമയക്രമമായിട്ടില്ല. എൻ.ബി.എഫ്.സികള്‍ക്ക് 'ഡോട്ട് ഫിന്‍ ഡോട്ട് ഇന്‍'എന്ന രീതിയില്‍ അവസാനിക്കുന്ന വെബ് വിലാസമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.