തൊണ്ടിമുതലായ കൈക്കൂലിപ്പണം എലി കരണ്ടുതിന്നു; ഉദ്യോഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായ കൈക്കൂലിപ്പണം എലികൾ നശിപ്പിച്ചു എന്ന വിചിത്ര വാദത്തിൽ, പ്രതിയായിരുന്ന ഉദ്യോഗസ്ഥക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി ഓഫിസറായിരുന്ന (സി.ഡി.പി.ഒ) അരുണാ കുമാരിക്കാണ് ശിക്ഷയിൽ ഇളവും ജാമ്യവും അനുവദിച്ചത്. ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസിലെ തെളിവുകൾ കൈകാര്യം ചെയ്ത രീതിയിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കറൻസി നോട്ടുകൾ എലി കാരണം നശിച്ചുപോയി എന്നത് അത്ഭുതപ്പെടുത്തുന്നതാണ് എന്ന് സുപ്രീം കോടതി ഇക്കാര്യത്തിൽ പറഞ്ഞു.

പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് 1988ലെ അഴിമതി നിരോധന നിയമപ്രകാരമായിരുന്നു അരുണാ കുമാരിക്കെതിരെ കേസുണ്ടായിരുന്നത്. വിചാരണാ കോടതി ഇവരെ കുറ്റവിമുക്തയാക്കിയെങ്കിലും പട്‌ന ഹൈകോടതി വിധി റദ്ദാക്കുകയും മൂന്നും നാലും വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഭൗതികമായ തെളിവില്ലെങ്കിലും രജിസ്റ്ററിലെ രേഖകൾ പരിഗണിക്കാമെന്നും പിടിച്ചെടുത്ത പണം ഹാജരാക്കാൻ കഴിയാത്തത് കേസിനെ ദുർബലപ്പെടുത്തില്ലെന്നുമായിരുന്നു പട്‌ന ഹൈകോടതിയുടെ നിരീക്ഷണം. പിന്നീട് കേസിൽ ഇടപെട്ട സുപ്രീം കോടതിയാണ് ഈ വിചിത്രമായ വാദത്തിൽ വിധി പുറപ്പെടുവിച്ചത്.

തൊണ്ടിമുതൽ ഹാജരാക്കാതെ ശിക്ഷ വിധിച്ചതിലെ അപാകത സുപ്രീം കോടതി പ്രധാനമായും ചൂണ്ടിക്കാട്ടി. ശനിയാഴ്ച കേസ് പരിശോധിച്ച കോടതി പണം എങ്ങനെ അപ്രത്യക്ഷമായി എന്നതിൽ വ്യക്തത വരണമെന്നും സൂചിപ്പിച്ചു. അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് പ്രതിക്ക് ജാമ്യവും അനുവദിച്ച് സുപ്രീം കോടതി ഉത്തരവിറക്കുകയാണുണ്ടായത്.

ഗഞ്ച കേസുകളിൽ കിലോക്കണക്കിന് കഞ്ചാവ് എലികൾ തിന്നുതീർത്തു എന്ന പൊലീസിന്റെ മുൻകാല വാദങ്ങൾക്ക് പിന്നാലെ, കൈക്കൂലിപ്പണവും 'എലി വിഴുങ്ങിയത്' നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Tags:    
News Summary - Rats ate bribe money; Supreme Court grants bail to officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.