സെന്തിൽ ബാലാജി, വിജയ്

അപകടം അറിഞ്ഞ ഉടൻ അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രിയും കരൂരിലേക്ക് തിരിച്ചു, യഥാർഥ രക്ഷകരായത് ഡി.എം.കെ സർക്കാർ -സെന്തിൽ ബാലാജി

ചെന്നൈ: കരൂർ ദുരന്തത്തിൽ മുന്‍ സർക്കാറിനെതിരെ തമിഴ്നാട് മുഖ‍്യമന്ത്രി സി.ജോസഫ് വിജയ് നടത്തിയ പരാമർശത്തിന് പ്രതികരണവുമായി ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ സെന്തിൽ ബാലാജി. കഴിഞ്ഞ വർഷം സംഭവിച്ച ദാരുണമായ ദുരന്തത്തിൽ അന്ന് വിജയ് സ്വീകരിച്ച നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു. അപകടസമയത്ത് യഥാർഥ രക്ഷകരായത് അന്നത്തെ സർക്കാരായിരുന്നുവെന്നും സ്വന്തം അനുയായികൾ ദുരന്തത്തിൽ അകപ്പെട്ടപ്പോൾ നിലവിലെ മുഖ്യമന്ത്രി അവരെ തനിച്ചാക്കി പോയെന്നും സെന്തിൽ ബാലാജി ആരോപിച്ചു.

`കഴിഞ്ഞ വർഷത്തെ ആ ദാരുണ സംഭവത്തിൽ, എന്റെ കരൂരിലെ ജനങ്ങളെ രക്ഷിക്കാൻ ആരാണ് തോളോട് തോൾ ചേർന്ന് നിലയുറപ്പിച്ചത്? എന്‍റെ കരൂരിനെ സഹായിക്കാൻ രാപ്പകൽ ഉറക്കമിളച്ച് ആരാണ് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചത്?' എക്സിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം ചോദിച്ചു. അപകടവാർത്ത അറിഞ്ഞ ഉടൻ തന്നെ അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കരൂരിലേക്ക് തിരിച്ചിരുന്നു. ദുഃഖിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും പരിക്കേറ്റവർക്കായി മികച്ച ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനും ഡി.എം.കെ നേതൃത്വം അഹോരാത്രം പ്രവർത്തിച്ചു.

അപകടസ്ഥലത്ത് ആളുകൾ കുഴഞ്ഞുവീണുകൊണ്ടിരുന്നപ്പോൾ വിജയ് വെള്ള കുപ്പിയെടുത്ത് എറിഞ്ഞു. ആംബുലന്‍സ് എത്തിക്കാന്‍ ഉത്തരവിട്ട ശേഷം യാതൊരു കൂസലുമില്ലാതെ പ്രസംഗം തുടർന്നു സെന്തിൽ ബാലാജി കുറിച്ചു. `നിരവധി ജീവനുകൾ നഷ്ടപ്പെട്ടുവെന്ന് തൃച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ അറിയിച്ചിട്ടും അപകടത്തിൽപ്പെട്ടവരെ കാണാൻ വിസമ്മതിച്ച് സ്വകാര്യ വിമാനത്തിൽ രക്ഷപ്പെട്ടത് ആരാണ്? അതിനുള്ള ഉത്തരം കരൂരിലെ ജനങ്ങൾക്ക് നന്നായറിയാം' അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖയമന്ത്രിയായ ശേഷമുള്ള ആദ്യ കരൂർ സന്ദർശനത്തിനിടെയാണ് ദുരന്തത്തിൽ മുന്‍ സർക്കാറിനെതിരെ വിജയ് വിമർശനമുന്നയിച്ചത്. താൻ ദുരന്തത്തിന്‍റെ വേദനയിൽ കഴിയുമ്പോൾ ഒളിവിലാണെന്ന് പറഞ്ഞ് പരിഹസിക്കുകയും നിയമസഭയിൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുമാണ് ഡി.എം.കെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പാർട്ടിയെയും ജനങ്ങളുടെ മുന്നേറ്റത്തെയും തകർക്കാൻ കരുതിക്കൂട്ടി ചെയ്ത ഒന്നാണ് ഈ ദുരന്തമെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിനെതിരെയും വിജയ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.

പൊലീസിനെ പൂർണമായി വിശ്വസിച്ചാണ് താൻ ആ റാലിയിലേക്ക് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് ജനക്കൂട്ടം നിയന്ത്രിക്കാനാവാത്തതാണെന്ന് തോന്നിയെങ്കിൽ പൊലീസിന് റാലി റദ്ദാക്കാമായിരുന്നു. അവർക്ക് അതിനുള്ള പൂർണ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അത് ചെയ്യുന്നതിന് പകരം തന്നെ വേദിയിലേക്ക് നയിക്കുകയാണ് ചെയ്തത്. താൻ പൊലീസിനെ വിശ്വസിച്ച് അവർക്ക് നന്ദി വരെ പറഞ്ഞിരുന്നു. എന്നാൽ ആ വിശ്വാസത്തിന് പകരം തന്‍റെ മേൽ കുറ്റം ആരോപിക്കാനാണ് അവർ ശ്രമിച്ചതെന്ന് വിജയ് കുറ്റപ്പെടുത്തി.

Tags:    
News Summary - As soon as the accident was known, Chief Minister M.K. Stalin and the Deputy Chief Minister rushed to Karur; the true rescuers were the government of that time - Senthil Balaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.