മൊബൈൽ പാടില്ല, മാധ്യമങ്ങളെ കാണരുത്; കർശന ഉപാധികളോടെ റാഷിദ് എൻജിനീയർക്ക് പാർലമെന്റ് സമ്മേളനത്തിൽ പ​ങ്കെടുക്കാൻ അനുമതി

ന്യൂഡൽഹി: റാഷിദ് എൻജിനീയർ എന്ന അബ്ദുൽ റാഷിദ് ശൈഖിന് കർശന ഉപാധികളോടെ പാർലമെൻറ് സമ്മേളനത്തിൽ പ​ങ്കെടുക്കാൻ കസ്റ്റഡി പരോൾ അനുവദിച്ച് ഡൽഹി ഹൈകോടതി. മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കാൻ പാടില്ല, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ഉപാധികൾ.

അവാമി ഇത്തിഹാദ് എന്ന പാർട്ടിയുടെ സ്ഥാപകനായ റാഷിദ് എൻജിനീയർ ബരാമുല്ല മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.പിയാണ്. നിലവിൽ തിഹാർ ജയിലിലെ വിചാരണ തടവുകാരനാണ് ഇദ്ദേഹം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ 2019ലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പാർലമെന്റ് സമ്മേളനത്തിൽ പ​ങ്കെടുക്കാൻ രണ്ട് ദിവസത്തെ കസ്റ്റഡി പരോളാണ് അനുവദിച്ചത്. എം.പി ആയതിന് ശേഷം എൻ.ഐ.എ കോടതി തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അനിശ്ചിതത്വത്തിലാണെന്നും ഇടക്കാല ആശ്വാസമായി കസ്റ്റഡി പരോൾ അനുവദിക്കണമെന്ന് റാഷിദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴിലേക്ക് മാറ്റുകയായിരുന്നു.

ഫെബ്രുവരി 11, 13 തീയതികളിൽ നടക്കുന്ന സമ്മേളനത്തിലാണ് റാഷിദ് എൻജിനീയർ പൊലീസ് അകമ്പടിയോടെ പ​ങ്കെടുക്കുക. റാഷിദ് എൻജിനീയർ ലോക്സഭയിലെത്തുന്നത് പ്രമാണിച്ച് പാർലമെന്റിനകത്തും പുറത്തും കനത്ത സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പാർലമെന്റ് സമ്മേളനത്തിൽ പ​ങ്കെടുക്കാൻ റാഷിദിന് അവകാശമില്ലെന്നും പരോൾ അനുവദിക്കരുതെന്നും എൻ.ഐ.എ കോടതിയിൽ വാദിച്ചിരുന്നു. അദ്ദേഹം പാർലമെന്റിൽ എത്തിയാൽ സുരക്ഷ പ്രശ്നമുണ്ടാകുമെന്നും വാദമുണ്ടായി. എന്നാൽ എം.പി എന്ന നിലയിൽ പാർലമെന്റ് സമ്മേളനങ്ങളിൽ പ​ങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം കോടതി മാനിക്കുകയായിരുന്നു.

ജമ്മു കശ്മീരിന് അനുവദിച്ച ഫണ്ടിൽ 1,000 കോടി രൂപ കുറഞ്ഞ സമയത്ത് അദ്ദേഹത്തിന്റെ മണ്ഡലത്തിന് പ്രാതിനിധ്യം കുറവായതിനാൽ റാഷിദിനെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. പപ്പു യാദവിന്റെ കേസും അഭിഭാഷകർ കോടതിയിൽ പരാമർശിക്കുകയുണ്ടായി.

Tags:    
News Summary - Rashid Engineer gets court relief to attend Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.