ന്യൂഡൽഹി: ജമ്മുവിലെ കത്വയിൽ കുതിരയെ മേക്കാൻ പോയ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംഭവം മനുഷ്യത്വത്തിന് നേരെയുള്ള ക്രൂരകൃത്യമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
പ്രതികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലർക്ക് സംരക്ഷിക്കാൻ കഴിയുക. നിഷ്കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ജമ്മുവിനടുത്ത കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്തുനിന്ന് ജനുവരി 10നാണ് കുട്ടിയെ കാണാതായത്. ഏഴുദിവസത്തിനുശേഷം അടുത്തുള്ള കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തി. കൊലപ്പെടുന്നതിന് മുമ്പ് ആരാധനാലയത്തിലെ പ്രാർഥന ഹാളിൽ മൂന്നു തവണയാണ് ബാലിക ബലാത്സംഗത്തിനിരയായത്. ബക്കർവാൽ മുസ്ലിം നാടോടി സമുദായാംഗമാണ് കൊല്ലപ്പെട്ട ബാലിക. കുട്ടിയെ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ബക്കർവാൽ സമുദായത്തെ രസന ഗ്രാമത്തിൽനിന്ന് ആട്ടിയോടിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു.
‘ഹിന്ദു ഏകത മഞ്ച്’ എന്ന സംഘടന കേസിലെ പ്രതികൾക്ക് പിന്തുണയുമായി വന്നിരുന്നു. ബി.ജെ.പി മന്ത്രിമാരായ ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നിവരും മഞ്ചിന് പിന്തുണ നൽകിയിരുന്നു. ബലാത്സംഗത്തിെൻറയും കൊലയുടെയും സൂത്രധാരൻ റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ്. ഇയാളും മകൻ വിശാൽ ജംഗോത്ര, മരുമകൻ എന്നിവരും കേസിൽ പിടിയിലായിട്ടുണ്ട്. സ്പെഷൽ പൊലീസ് ഒാഫിസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ കുമാർ, രസനയിലെ താമസക്കാരനായ പർവേശ് കുമാർ, അസി.സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവരാണ് മറ്റു പ്രതികൾ.
സഞ്ചി റാം ആണ് പ്രായപൂർത്തിയാകാത്ത മരുമകനോട് തങ്ങളുടെ വീടിെൻറ പിറകിലുള്ള കാട്ടിൽ പതിവായി കുതിരയുമായി വരുന്ന കുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്. ബാലൻ സുഹൃത്തായ പർവേശ് കുമാറിെൻറ സഹായം തേടി. ജനുവരി 10ന് കുതിരയെ അന്വേഷിച്ചുവന്ന പെൺകുട്ടിയോട്, കുതിരയെ കണ്ടതായി പറഞ്ഞ് ബാലൻ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി. മർദിച്ചവശയാക്കിയ ശേഷം കുട്ടിയെ ബാലൻ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും ബലാത്സംഗത്തിന് ശ്രമിച്ചു. തുടർന്ന്, കുട്ടിയെ അടുത്തുള്ള ആരാധനാലയത്തിലെ പ്രാർഥന ഹാളിൽ മേശക്കടിയിൽ കിടത്തി മൂടി.
പിറ്റേ ദിവസം ബാലനും ഖജുരിയയും ചേർന്ന് വീണ്ടും പെൺകുട്ടിയെ ബലമായി മയക്കുഗുളിക കുടിപ്പിച്ചു. 11ന് വിശാൽ ജംഗോത്രയെ ബാലൻ ഫോൺചെയ്ത് കുട്ടിയെ ബലാത്സംഗം ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ മീറത്തിൽനിന്ന് മടങ്ങിവരണമെന്ന് പറഞ്ഞു.ജനുവരി 12ന് ജംഗോത്ര രസനയിലെത്തി. ഇൗ സമയം പൊലീസുകാർ കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിൽ, ഖജൂരിയയും ഉണ്ടായിരുന്നു. സഞ്ചി റാമാണ് കുട്ടിയെ കൊന്ന് മൃതദേഹം കാട്ടിൽ ഉപേക്ഷിക്കണമെന്ന് നിർദേശിക്കുന്നത്. കുട്ടിയെ കൊല്ലും മുമ്പ് തനിക്ക് ബലാത്സംഗം ചെയ്യണമെന്ന് ഖജൂരിയ ആവശ്യപ്പെട്ടിരുന്നു.
ഖജൂരിയയും ബാലനും ചേർന്ന് ക്രൂരമായാണ് കൊല നടത്തിയത്. കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കല്ലെടുത്ത് തലക്കടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.