രന്യ റാവു ദുബൈ സന്ദർശിച്ചത് 30 തവണ; സ്വർണം ഒളിപ്പിച്ചു കടത്താൻ പ്രത്യേക ജാക്കറ്റും ബെൽറ്റും; ഒരു കിലോ സ്വർണത്തിന് നടി വാങ്ങിയിരുന്നത് ‘വൻ ഫീസ്’!

ബംഗളൂരു: കന്നട നടി രന്യ റാവുവിന്‍റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗളൂരു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് 14.8 കിലോ സ്വർണവുമായി നടി ഡി.ആർ.ഐ ഓഫിസർമാരുടെ വലയിലാകുന്നത്. ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലുമാണ് രന്യ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരും. കര്‍ണാടക ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ മകളാണ്. സ്വർണക്കടത്തിന് പിതാവിന്‍റെ സ്വാധീനം ഉപയോഗിച്ചതായാണ് വിവരം. അറസ്റ്റിനു പിന്നാലെ രന്യയുടെ ബംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.6 കോടിയുടെ സ്വർണവും അനധികൃതമായി സൂക്ഷിച്ച 2.67 കോടി രൂപയും കണ്ടെടുത്തിരുന്നു. ഭീഷണിയെ തുടർന്നാണ് സ്വർണം കടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ രന്യ മൊഴി നൽകിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 30 തവണയാണ് രന്യ ദുബൈ സന്ദർശിച്ചത്. ഓരോ തവണയും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഒരു കിലോ സ്വർണം കടത്തുമ്പോൾ രന്യക്ക് ഒരു രക്ഷം രൂപയാണ് ലഭിച്ചിരുന്നത്. ഇത്തരത്തിൽ ഒരു തവണ സ്വർണം കടത്തുമ്പോൾ തന്നെ നടിക്ക് കുറഞ്ഞത് 13 ലക്ഷം രൂപ വരെ കിട്ടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദുബൈ യാത്രകളിലെല്ലാം നടി ഒരേ വസ്ത്രമാണ് ധരിച്ചിരുന്നത്, ഇതും സംശയങ്ങൾ വർധിപ്പിച്ചു. സ്വർണം ഒളിപ്പിച്ച ബെൽറ്റ് മറക്കുന്നതിനാണ് ഒരേ വസ്ത്രം തെരഞ്ഞെടുത്തതെന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ സംശയം.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബൈ സന്ദര്‍ശനം നടത്തിയതോടെയാണ് ഡി.ആർ.ഐ സംഘത്തിന്‍റെ നിരീക്ഷണത്തിലായത്. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകളായതിനാല്‍ വിമാനത്താവളത്തില്‍ എത്തുന്ന രന്യക്ക് സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയുണ്ടാകാറുണ്ട്. ചില സമയങ്ങളില്‍ സര്‍ക്കാര്‍ വാഹനത്തിലാണ് രന്യ വിമാനത്താവളത്തില്‍നിന്ന് മടങ്ങിയത്. സുരക്ഷ പരിശോധന മറികടക്കാൻ പ്രാദേശിക പൊലീസുകാരുടെ സഹായം ലഭിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിൽ ഡി.ആർ.ഐ സംഘം നടിയെ തടഞ്ഞപ്പോൾ ഒരു പൊലീസുകാരൻ ഇടപെടുകയും ഡി.ജി.പിയുടെ മകളാണെന്ന് പറഞ്ഞതായും പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

രന്യയുടെ സ്വർണകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പിതാവ്, തെറ്റുചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിന്റേതായ വഴിക്ക് പോകുമെന്നും വ്യക്തമാക്കി. രന്യയുടെ മുൻകാല യാത്രകളുടെ സി.സി.ടി.വി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. കൂടാതെ ഇവർ മുമ്പ് സ്വർണം എങ്ങനെ കടത്തിയെന്ന് മനസ്സിലാക്കാനും ശ്രമം നടക്കുന്നുണ്ട്. കേസിൽ രന്യ ഒറ്റക്കാണോ, അതോ വലിയൊരു കള്ളക്കടത്ത് ശൃംഖലയുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Ranya Rao reportedly visited Dubai 30 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.