രന്യ റാവു

രന്യ റാവുവിന് ഒരുവർഷത്തേക്ക് ജാമ്യം കിട്ടില്ല; കള്ളക്കടത്ത് കേസിൽ കോഫെപോസ ചുമത്തി

ബംഗളൂരു: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിനെതിരെ 1974ലെ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (കോഫെപോസ) പ്രകാരം കേസെടുത്തു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) ശുപാർശയെത്തുടർന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസി സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (സി.ഇ.ഐ.ബി)യാണ് നടിക്കും മറ്റ് രണ്ട് പ്രതികൾക്കുമെതിരെ നിയമം ചുമത്തിയത്.

കോഫെപോസ ചുമത്തുന്നതിലൂടെ രന്യ റാവുവിന് ഒരു വർഷത്തേക്ക് ജാമ്യം നിഷേധിക്കപ്പെടും. ആവർത്തിച്ചുള്ള കള്ളക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങളിൽ സഹകരിക്കാത്തവരായി കാണപ്പെടുന്ന വ്യക്തികളെ കസ്റ്റഡിയിലെടുക്കുന്നതിനും ഈ നിയമം ഉപയോഗിക്കുന്നു. റാവുവും മറ്റ് പ്രതികളും ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കേസിൽ അറസ്റ്റിലായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരെയും കോഫെപോസ പ്രകാരം കേസെടുത്തിട്ടുണ്ട്.

12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോ സ്വർണം കടത്തിയ കേസിൽ കഴിഞ്ഞ മാസം മൂന്നിനാണ് ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ മകളായ രന്യ റാവു അറസ്റ്റിലായത്. രന്യയും കൂട്ടുപ്രതികളും നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിലാണ്. ഡി.ആർ.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) എന്നിവയുടെ മൾട്ടി ഏജൻസി അന്വേഷണത്തിലാണ് കേസ്.

രന്യ റാവുവിന് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ഡി.ആർ.ഐ ആരോപിക്കുന്നു. ബല്ലാരി ആസ്ഥാനമായുള്ള ജ്വല്ലറി വ്യാപാരിയായ സാഹിൽ ജെയിനും ഇപ്പോൾ ബംഗളൂരുവിൽ സ്ഥിരതാമസമാണ്. കള്ളക്കടത്ത് സ്വർണം നിക്ഷേപിക്കുന്നതിനും അനധികൃത ഫണ്ട് വിദേശത്തേക്ക് എത്തിക്കുന്നതിനും രന്യയും ജെയിനും ഒത്തുചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ച ഡി.ആർ.ഐയുടെ റിമാൻഡ് അപേക്ഷയിൽ പറയുന്നു.

ഏകദേശം 40 കോടി രൂപ വിലമതിക്കുന്ന 49.6 കിലോ സ്വർണം കടത്തുന്നതിനും 38.4 കോടി രൂപയുടെ ഹവാല പണം ദുബൈയിലേക്ക് മാറ്റുന്നതിനും ജെയിൻ രന്യ റാവുവിനെ സഹായിച്ചതായും അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതായി ഡി.ആർ.ഐ അപേക്ഷയിൽ പറഞ്ഞു.

Tags:    
News Summary - Ranya Rao Charged Under Anti-Smuggling Law, To Be Detained For Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.