ന്യൂഡൽഹി: അശ്ലീല പരാമർശത്തിൽ നിയമനടപടി നേരിടുന്ന യൂടുബർമാരായ രൺവീർ അലഹബാദിയയും അപൂർവ മുഖിജയും ദേശീയ വനിത കമീഷൻ മുൻപാകെ ഹാജരായി.
കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന പരിപാടിയിലെ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് വനിത കമീഷൻ രൺവീറിനോടും വിധികർത്താക്കളോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. ഒരു എപ്പിസോഡിനിടെ മാതാപിതാക്കളുടെ ലൈംഗികതുമായി ബന്ധപ്പെട്ട് രൺവീർ അശ്ലീല പരാമർശം നടത്തുകയായിരുന്നു. സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ.
അതേസമയം, രൺവീർ അലഹബാദിയക്ക് യൂട്യൂബ് ഷോകൾ പുനരാരംഭിക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. തന്‍റെ ആകെയുള്ള ഉപജീവനമാർഗമാണ് ഷോ എന്ന് കാണിച്ച് അലഹബാദിയ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. ഏത് പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന രീതിയിൽ ഷോയിൽ ധാർമികതയുടെ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകണമെന്ന് അലഹബാദിയയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.