പാർലമെന്റ് പള്ളി ഇമാം സ്ഥാനാർഥി

ന്യൂഡൽഹി: പാർലമെന്റിനടുത്തുള്ള പള്ളിയിലെ ഇമാം മൗലാന മുഹീബുല്ല നദ്‍വി ജയിലിൽ കഴിയുന്ന സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാന്റെ തട്ടകമായ റാംപുരിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയായി. യോഗി സർക്കാർ വിവിധ കേസുകളെടുത്ത് അഅ്സം ഖാനെ ജയിലിലടച്ചതിനെ തുടർന്ന് നടന്ന 2022ലെ ഉപതെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട അദ്ദേഹത്തിന്റെ വിശ്വസ്തൻ അസീം രാജയും ഇതേ സീറ്റിൽ പത്രിക നൽകിയിട്ടുണ്ട്. പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുറാദാബാദിലും രണ്ടു പേർ സമാജ്‍വാദി പാർട്ടി സ്ഥാനാർഥികളായി രംഗത്തെത്തി. രണ്ടു മണ്ഡലങ്ങളിലും ഒരു സ്ഥാനാർഥിക്കു മാത്രം ചിഹ്നം അനുവദിക്കാനുള്ള അപേക്ഷ വരണാധികാരിക്കു നൽകി എസ്.പി ആശയക്കുഴപ്പം അവസാനിപ്പിച്ചു.

സമാജ്‍വാദി പാർട്ടി ടിക്കറ്റിൽ പാർലമെന്റിലേക്കു മത്സരിക്കാൻ മുഹീബുല്ല നദ്‍വി കഴിഞ്ഞ ഒരു മാസമായി നടത്തുന്ന ശ്രമങ്ങൾ ബുധനാഴ്ചയാണ് ലക്ഷ്യംകണ്ടത്. റാംപുരുകാരനായ നദ്‍വി തന്റെ സ്വന്തം നാട്ടി​ലോ അതല്ലെങ്കിൽ സംഭാലിലോ മത്സരിക്കാനാണ് ചരടുവലി നടത്തിയത്. മണ്ഡലത്തിൽപെടുന്ന റാസ നഗർ സ്വദേശമായതും 55 ശതമാനം മുസ്‍ലിം വോട്ടർമാരുള്ളതുമാണ് റാംപുർ തിരഞ്ഞെടുക്കാൻ കാരണം.

വെള്ളിയാഴ്ച അഅ്സം ഖാനെ ജയിലിൽ സന്ദ​ർ​ശിച്ചശേഷമാണ് അഖിലേഷ് യാദവ് റാംപുരിൽ മൗലാനക്ക് നറുക്കുവീണത്. അതേസമയം, താൻ നാമനിർദേശ പത്രിക സമർപ്പിച്ചുവെന്നും ഏതെങ്കിലും മൗലാനയോ പൂജാരിയോ പത്രിക നൽകിയിട്ടു​ണ്ടെങ്കിൽ അതിനവർക്ക് അവകാശമുണ്ടെന്നും ഇത് ജനാധിപത്യമാണെന്നും അസീം രാജ പറഞ്ഞു. അഖിലേഷ് പറഞ്ഞിട്ടാണോ പത്രിക നൽകിയതെന്ന ചോദ്യത്തിന് അഖിലേഷ്ജി പറയാതെ നൽകുമോ എന്നായിരുന്നു അസീമിന്റെ മറുപടി. 

Tags:    
News Summary - Rampur Lok Sabha seat: Samajwadi Party fields Imam of Jama Masjid as its candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.