ശ്രീനഗർ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മുകശ്മീർ അഡീഷണൽ ഡിസ്ട്രിക് ഡെവലെപ്മെന്റ് കമീഷർ രാജ് കുമാർ താപ്പ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. രജൗരി നഗരത്തെ ലക്ഷ്യമിട്ട് പാകിസ്താൻ തൊടുത്ത ഷെല്ലുകളിലൊന്ന് താപ്പയുടെ വീട്ടിൽ പതിക്കുകയായിരുന്നു.
രജൗരിയിൽ നിന്ന് വിഷമകരമായ വാർത്തയാണ് വരുന്നത്. സർക്കാറിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ നമുക്ക് നഷ്ടമായിരിക്കുന്നു. കഴിഞ്ഞ ദിവസം ജമ്മുകശ്മീർ ഉപമുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ പാക് ഷെല്ല് പതിക്കുകയും രാജ് കുമാർ താപ്പ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. മരണത്തിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്താൻ തനിക്ക് വാക്കുകളില്ല. കനത്ത നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഡ്രോണാക്രമണങ്ങൾ പാകിസ്താൻ ഇപ്പോഴും തുടരുകയാണ്. ഇതിൽ ഭൂരിപക്ഷവും ഫലപ്രദമായി പ്രതിരോധിക്കാൻ സൈന്യത്തിന് കഴിയുന്നുണ്ട്. ഡ്രോണാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ഉമർ അബദ്ുല്ല അഭ്യർഥിച്ചു.
പാകിസ്താൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആരും തെരുവുകളിലേക്ക് ഇറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ഊഹാപോഹങ്ങൾ അവഗണിക്കണമെന്നും ആരും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഉമർ അബ്ദുല്ല അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ അഭയാർഥി ക്യാമ്പുകളിൽ ഉമർ അബ്ദുല്ല സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.