ഹൈദരാബാദ്: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മൂന്നാമതൊരു കക്ഷിയെ ഇടപെടാൻ അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപറേഷൻ സിന്ദൂർ സമയത്ത് വിദേശ ഇടപെടലുകൾ ഉണ്ടായെന്ന വാദങ്ങൾ ഇന്ത്യ തിരസ്കരിച്ചു. രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത് ഇന്ത്യയുടെ മാത്രം അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭാഷണങ്ങൾ പരാജയപ്പെട്ടാൽ കഠിനമായ മാർഗം ഉപയോഗിക്കാൻ ഇന്ത്യ മടിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകി. ഹൈദരാബാദ് വിമോചന ദിനത്തോടനുബന്ധിച്ച് തെലങ്കാനയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതക്കും സംഭാഷണങ്ങൾക്കും ഇന്ത്യ വില കൽപിക്കുന്നുണ്ടെങ്കിലും അവ പരാജയപ്പെടുന്ന ഘട്ടങ്ങളിൽ കഠിനമായ മാർഗങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി. 2016ലെ സർജിക്കൽ സ്‌ട്രൈക്കും 2019ലെ ബാലാക്കോട്ട് വ്യോമാക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. സംഭാഷണത്തിൽ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ സമാധാനത്തിന്റെയും സന്മനസിന്റെയും ഭാഷ മനസ്സിലാകാത്തവർക്ക് എങ്ങനെയാണ് തക്കതായ മറുപടി നൽകേണ്ടതെന്ന് ഞങ്ങൾക്കറിയാം. ഓപറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ഒളിത്താവളങ്ങളിൽ സൈന്യം ആക്രമണം നടത്തിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് മറ്റൊരു ആക്രമണമുണ്ടായാൽ ഓപറേഷൻ സിന്ദൂർ വീണ്ടും പൂർണ ശക്തിയോടെ പുനരാരംഭിക്കും.
ഹൈദരാബാദ് വിമോചന ദിനം പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റേതു കൂടിയാണെന്ന് രാജ്‌നാഥ് സിങ് ഓർമിപ്പിച്ചു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ചു. സർദാർ പട്ടേലിനെപ്പോലെ നമ്മുടെ പ്രധാനമന്ത്രിയും സാംസ്കാരികമായും സാമൂഹികമായും ആത്മീയമായും സാമ്പത്തികമായും ഇന്ത്യയെ ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.