മുംബൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കുണ്ടായിരുന്ന അതേ പ്രതിച്ഛായയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ളതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് കഴിഞ്ഞ ദിവസം പൂണെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താനും ദേവേന്ദ്ര ഫഡ്നാവിസും ഒരേ കാറിലാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി വേദിയിലേക്ക് എത്തുമ്പോൾ ഒരു കറുത്ത കൊടി പോലും കണ്ടില്ല. റോഡിന്റെ ഇരുവശത്ത് നിന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയായിരുന്നു ജനങ്ങളെന്നും അജിത് പവാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പ്രതിഷേധിക്കുമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നല്ല ക്രമസമാധാനമുണ്ടാകണമെന്നാണ് എല്ലാ പ്രധാനമന്ത്രിയും ആഗ്രഹിക്കുക. മണിപ്പൂരിൽ സംഭവിച്ചതിനെ ആരും അനുകൂലിക്കുന്നില്ല. മണിപ്പൂർ വിഷയം പ്രധാനമന്ത്രിയുടേയും ചീഫ് ജസ്റ്റിസിന്റേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മണിപ്പൂരിൽ നടന്നതിനെ എല്ലാവരും അപലപിച്ചിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.
മോദിയെ പോലെ പ്രശസ്തി രാജ്യത്തെ മറ്റൊരു നേതാവിനുമില്ല. ഒരു ദിവസത്തിൽ 18 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുന്നു. ഇക്കഴിഞ്ഞ ദീപാവലി അദ്ദേഹം ആഘോഷിച്ചത് സൈനികർക്കൊപ്പമാണ്. പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പിക്കാം. എന്നാൽ, തീരുമാനങ്ങളെടുക്കുന്നത് അധികാരമുള്ള ആളുകളാണെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
ഇന്ദിരാഗാന്ധിക്ക് ലഭിച്ച ബഹുമാനമാണ് മോദിക്ക് ലഭിക്കുന്നത്. രാജീവ് ഗാന്ധിക്ക് മിസ്റ്റർ ക്ലീൻ ഇമേജുണ്ടായിരുന്നു. അത് ഇപ്പോൾ മോദിയിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.