ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽനിന്ന് വിട്ടയക്കുന്നത് തമിഴ്നാട് ഗവർണർ പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ സർക്കാറിന് സമ്മർദമേറി. വ്യാഴാഴ്ചത്തെ സുപ്രീംകോടതി ഉത്തരവോടെ സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു. സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ ഗവർണർക്ക് രേഖാമൂലം തീരുമാനമറിയിക്കണം. ഗവർണർ അനുമതി നൽകുന്നതോടെ പ്രതികളുടെ മോചനം സാധ്യമാവുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് പേരറിവാളെൻറ മാതാവ് അർപുതമ്മാൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവു പഠിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് സർക്കാർ യഥാസമയം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഡി. ജയകുമാർ വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശം നടപ്പായാൽ പേരറിവാളൻ ഉൾപ്പെടെ ഏഴു പ്രതികൾ 27 വർഷത്തിനുശേഷം പുറംലോകം കാണും. ടി. സുധേന്ദ്രരാജ എന്ന ശാന്തൻ, വി. ശ്രീഹരൻ എന്ന മുരുകൻ, ജയകുമാർ, റോബർട്ട്പയസ്, പി. രവിചന്ദ്രൻ, എ.ജി. പേരറിവാളൻ, നളിനി എന്നിവരാണ് പ്രതികൾ. ഇതിൽ ശാന്തൻ, മുരുകൻ, റോബർട്ട്പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. ജയിൽമോചനമാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കും കോടതികൾക്കും ഇവർ പലപ്പോഴായി നിവേദനങ്ങൾ അയച്ചിരുന്നു. 2014 ഫെബ്രുവരി 18നാണ് ശാന്തൻ, പേരറിവാളൻ, മുരുകൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത്. തൊട്ടുപിന്നാലെ ജയലളിത സർക്കാർ സംസ്ഥാനങ്ങൾക്കുള്ള അധികാരമുപയോഗിച്ച് മുഴുവൻ പ്രതികളെയും വിട്ടയാക്കാൻ തീരുമാനിച്ചു. എന്നാൽ, അന്നത്തെ യു.പി.എ സർക്കാർ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
1991 മേയ് 21നാണ് ശ്രീപെരുംപുതൂരിൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ എൽ.ടി.ടി.ഇ പ്രവർത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷക്ക് വിധിച്ചു. ഇവരിൽ 19 പേരെ 1999ൽ സുപ്രീംകോടതി വിട്ടയച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവെച്ചു. എന്നാൽ, 15 വർഷത്തിനുശേഷം ഇതേ കോടതി പേരറിവാളൻ ഉൾപ്പെടെ മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. സോണിയഗന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ വധശിക്ഷ 2000 ഏപ്രിലിൽ തമിഴ്നാട് ഗവർണർ ജീവപര്യന്തമായി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.