ന്യൂഡൽഹി: അഭിഭാഷകവൃത്തി മതിയാക്കി സുപ്രീംകോടതിയിൽനിന്ന് രണ്ടാഴ്ചമുമ്പ് രോഷത്തോടെ ഇറങ്ങിയ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാെൻറ മനസ്സുമാറി. പുതുവത്സരത്തിൽ വക്കാലത്തുമായി വീണ്ടും കോടതി കയറുമെന്ന് അദ്ദേഹം അറിയിച്ചു. വാദത്തിനിടെ സുപ്രീംകോടതിയിൽനിന്ന് അവഹേളനം നേരിട്ടു എന്നാരോപിച്ചാണ് ഇനി കോടതികളിലേക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ നിലവിലുള്ള കേസുകൾ പൂർത്തിയാക്കാനുള്ള ബാധ്യതയടക്കം ചൂണ്ടിക്കാട്ടിയാണ് കോടതിയിലേക്ക് മടങ്ങുന്ന കാര്യം അറിയിച്ചത്. ജഡ്ജിമാർ, മുൻ ജഡ്ജിമാർ, സഹപ്രവർത്തകർ, കക്ഷികൾ എന്നിവരുടെ അഭ്യർഥനയും തിരിച്ചുവരവിന് കാരണമാണ്. സുപ്രീംകോടതിയിൽനിന്ന് പലതും പഠിച്ചു. ആ കടപ്പാടും തീർക്കാനുണ്ട് -ഭരണഘടന വിദഗ്ധൻ കൂടിയായ ധവാൻ പറഞ്ഞു.
ഡിസംബർ 11ന് അയോധ്യ ഭൂമിയുടെ അവകാശവാദം സംബന്ധിച്ച കേസിെൻറ വാദത്തിനിടയിലാണ് നീതിയുക്തമായ വാദം കേൾക്കാത്തതിൽ പ്രതിഷേധിച്ച് ധവാൻ കോടതിമുറി വിട്ടിറങ്ങിയത്. കേന്ദ്രവും ഡൽഹി സർക്കാറും തമ്മിലുള്ള കേസിെൻറ അന്തിമവാദം നടന്നതും അന്നായിരുന്നു. അഭിഭാഷകവൃത്തി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി അന്നുതന്നെ ചീഫ് ജസ്റ്റിസിന് കത്ത് നൽകുകയായിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ബാബരി മസ്ജിദ് കേസിൽ ഹാജരാകണമെന്ന തങ്ങളുടെ ആവശ്യം രാജീവ് ധവാൻ സ്വീകരിച്ചതായി അഡ്വ. ഇജാസ് മഖ്ബൂൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.