ജയ്പുർ: രാജസ്ഥാനിൽ ഉന്നത ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിൽ നടത്തിയ വൻ അഴിമതിയുടെ വിവരങ്ങൾ പുറത്ത്. സർക്കാറിന് കീഴിലുള്ള രാജ്കോംപ് ഇന്‍ഫോ സർവീസസിലെ ഐ.ടി വിഭാഗം ജോയിന്റ് ഡയറക്ടറായ പ്രദ്യുമാൻ ദീക്ഷിത്, അനധികൃതമായി സർക്കാർ ടെൻഡറുകൾ നൽകി ഭാര്യ പൂനം ദീക്ഷിതിന്‍റെ പേരിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായാണ് കേസ്. രണ്ട് വർഷത്തോളം ഒറ്റദിവസം പോലും ഓഫിസിൽ പോകാതെ, സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെന്ന പേരിൽ 37.54 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടിലെത്തിയത്.
ഹൈകോടതി ഉത്തരവിനെ തുടർന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. രണ്ട് സ്വകാര്യ കമ്പനികളുമായി ചേർന്നാണ് പ്രദ്യുമാൻ ദീക്ഷിത് അഴിമതി നടത്തിയത്. ഓറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്വെയർ ലിമിറ്റഡ് എന്നീ രണ്ട് സ്വകാര്യ കമ്പനികൾക്ക് അനധികൃതമായി സർക്കാർ ടെൻഡറുകൾ ലഭ്യമാക്കുകയും അതിന് പകരമായി ഈ കമ്പനികളിൽ ഭാര്യ പൂനം ദീക്ഷിത് ജോലി ചെയ്യുന്നതായി കാണിച്ച് ലക്ഷങ്ങൾ കൈപ്പറ്റുകയും ചെയ്യുകയായിരുന്നു.
എ.സി.ബി നടത്തിയ അന്വേഷണത്തിൽ വൻതോതിലുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. 2019 ജനുവരിക്കും 2020 സെപ്റ്റംബറിനും ഇടയിൽ, ഒറിയോൺപ്രോ സൊല്യൂഷൻസും ട്രീജെൻ സോഫ്റ്റ്വെയർ ലിമിറ്റഡും ചേർന്ന് പൂനം ദീക്ഷിതിന്റെ അഞ്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളമായി 37,54,405 രൂപ കൈമാറിയതായി കണ്ടെത്തി. ഈ കാലയളവിൽ പൂനം ഈ രണ്ട് സ്ഥാപനങ്ങളിലും ജോലിക്ക് പോയിട്ടില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി. ടെൻഡർ പാസാക്കി നൽകിയതിന് പകരമായി ഭാര്യക്ക് ജോലി നൽകാനും പ്രതിമാസം ശമ്പളം നൽകാനും പ്രദ്യുമാൻ കമ്പനികളോട് നിർദേശിക്കുകയായിരുന്നു.
ഭാര്യയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് പ്രദ്യുമാനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സംഭവങ്ങൾ പുറത്തുവന്നത്. പൊതു ഖജനാവിനും സർക്കാർ സംവിധാനങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.