സ്കൂൾ കുട്ടികൾക്ക് പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ

ന്യൂഡൽഹി: കുട്ടികളുടെ വായനശീലവും ഭാഷാ നൈപുണ്യവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ്. നാട്ടിലെ പ്രധാന സംഭവങ്ങളും വാർത്തകളും കുട്ടികളും അറിയേണ്ടതിന്‍റെ പ്രാധാന്യത്തിൽ ഊന്നിയാണ് സർക്കാർ സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുക. ഓരോ ദിവസവും സ്കൂൾ അസംബ്ലി നടക്കുമ്പോൾ കായിക വാർത്തകൾ ഉൾപ്പെടെ ദേശീയവും അന്തർദേശീയവുമായ വാർത്തകൾ വായിച്ച് കേൾപ്പിക്കാനായി 10 മിനിറ്റ് സമയം മാറ്റിവെക്കും. പത്രങ്ങളിലെ മുഖപ്രസംഗങ്ങളും വായിക്കും.

വായിക്കുമ്പോൾ കിട്ടുന്ന അഞ്ച് പുതിയ വാക്കുകളും അവയുടെ അർഥവും ഓരോ ദിവസവും കുട്ടികളെ പരിചയപ്പെടുത്തി അവരുടെ പദസമ്പത്ത് വികസിപ്പിക്കും. ആറ് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് ഈ ചുമതല ഏൽപ്പിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സർക്കാർ സ്കൂളുകൾക്കും നൽകിയിട്ടുണ്ട്.

കുട്ടികളിൽ ഓരോ ദിവസത്തെയും വാർത്തകളും സംഭവങ്ങളും അറിയാനുള്ള താൽപര്യം വളർത്തി പൊതു വിജ്ഞാനത്തോടൊപ്പം അവരുടെ ഭാഷാ നൈപുണ്യവും ആശയവിനിമയ ശേഷിയും വികസിപ്പിക്കുകയാണ് ഈ ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂളുകളിൽ ദിവസവും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രണ്ട് പത്രങ്ങളെങ്കിലും വരുത്തണമെന്നാണ് നിർദേശം. അസംബ്ലിയിൽ മാറിമാറി പത്രം ഉറക്കെ വായിക്കാൻ കുട്ടികളെ ചുമതലപ്പെടുത്തും.

Tags:    
News Summary - Rajasthan makes reading newspapers mandatory for school children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.